ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ 20 കോടി രൂപ യു എ ഇ-ലെ റെഡ് ക്രെസന്റിലില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ അറിയിക്കാതെ നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി സ്വീകരിച്ചത് ഗുരുതര ഭരണഘടനാ ലംഘനമായി മാറി. കേന്ദ്ര സംസ്ഥാന അധികാര വിഭജനത്തിലെ എല്ലാ അതിര്‍ത്തികളും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. കേന്ദ്രത്തെ അറിയിക്കാതെ ധനസഹായം തേടിയ നടപടിയെ പറ്റി കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളില്‍ സംസ്ഥാനത്തിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ രാഷ്ട്രത്തിന്റെ സുസ്ഥിരതയേയും നിലനില്‍പ്പിനേയും ബാധിക്കുന്ന കാര്യങ്ങളാണ്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധമോ സൈനീക കാര്യങ്ങളോ തീരുമാനിക്കുന്നതില്‍ സംസ്ഥാനം ഇടപെട്ട ചരിത്രം രാജ്യത്തില്ല. ആ കീഴ്വഴക്കമാണ് തകര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ഇതര ഏജന്‍സികളോ വിദേശ സഹായം സ്വീകരിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തര വിദേശകാര്യ വകുപ്പുകളുടെ അനുമതി നേടണം. ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വഴിയാണ് സംസ്ഥാനത്ത് എത്തുക. സംസ്ഥാന സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ കേന്ദ്ര സര്‍ക്കാറിനെ മറികടന്ന് പണം സ്വീകരിക്കുവാന്‍ അധികാരമില്ല. മാത്രമല്ല, രാജ്യദ്രോഹം വരെ ആരോപിക്കപ്പെടാവുന്ന സാഹചര്യമാണ്.
ഇന്ത്യയുമായി വളരെ സൗഹൃദമുള്ള രാജ്യമാണ് യു എ ഇ. പക്ഷെ, ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ചൈനയില്‍ നിന്നോ പാക്കിസ്ഥാനില്‍ നിന്നോ ഒരു സംസ്ഥാനം സ്വന്തം നിലയില്‍ ധനസഹായം സ്വീകരിക്കുന്നതുമായി ഇതിന് യാതൊരു വ്യത്യാസവുമില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിലാണെങ്കില്‍ ധനസഹായം സ്വീകരിച്ച സര്‍ക്കാറിനെ ഉടന്‍ തന്നെ പിരിച്ചുവിട്ട് തുടര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. അത്ര ഗുരുതരമായ ഭരണാഘടനാ ലംഘനം ഉണ്ട്. ഒമ്പതു മാസം കൂടി ഭരണകാലാവധിയുള്ള സംസ്ഥാനസര്‍ക്കാറിനെതിരെ കേന്ദ്രം നടപടി സ്വീകരിക്കുമെങ്കില്‍ അത് എത്ര ഗൗരവമുള്ള വിധത്തിലായിരിക്കും എന്ന് വ്യക്തമായിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തെ തള്ളിക്കളഞ്ഞ നടപടിയാണ് സംഭവിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ഒരു മന്ത്രി കേന്ദ്ര പ്രതിരോധ- ആഭ്യന്തര വകുപ്പുകളെ അറിയിക്കാതെ ഒരു വിദേശരാജ്യത്തിന്റെ എംബസിയില്‍ നിന്നും മതഗ്രന്ഥം സ്വീകരിച്ച് വിതരണം ചെയ്തത് സമ്മതിച്ചു കഴിഞ്ഞു. രാജ്യത്തിനു പുറത്തുനിന്നും ഒരു മതത്തിന്റേയും സാഹിത്യം കൊണ്ടുവന്ന് രാജ്യത്തിനുള്ളില്‍ വിതരണം ചെയ്യുവാന്‍ അനുമതിയില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തന്നെ വിദേശത്ത് അച്ചടിച്ച പുസ്തകങ്ങള്‍ കൊണ്ടു വന്നതിന്റെ പേരില്‍ കേസില്‍ പെട്ടിട്ടുണ്ട്. സംസ്ഥാന മന്ത്രി തന്നെ എംബസിയില്‍ നിന്നും പുസ്തകം സ്വീകരിച്ച് വിതരണം ചെയ്തത് ഗുരുതരചട്ടലംഘനമായി മാറിയിട്ടുണ്ട്. ഈ രണ്ടു നടപടികളും കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണപരിധിയില്‍ വരുമെന്നാണ് വിവരം.
ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളെ മുന്നില്‍ കണ്ടാണെന്ന വിലയിരുത്തല്‍ ഉണ്ട്. ലൈഫ് മിഷന്‍ കോഴയെ പറ്റി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നു പറഞ്ഞതോടെ പ്രശ്‌നം രാഷ്ട്രീയ വത്ക്കരിക്കപ്പെട്ടു.
എന്നാലും നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ കേന്ദ്രം ഇളവ് നല്‍കിയേക്കില്ല. സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു രാജ്യവുമായി സ്വതന്ത്രമായി ബന്ധമുണ്ടാക്കി പണം സ്വീകരിച്ച നടപടിയെപ്പറ്റിയുള്ള അന്വേഷണം സംസ്ഥാനസര്‍ക്കാറിന്റെ തന്നെ കീഴിലുള്ള വിജിലന്‍സിന്റെ അധികാരപരിധിയിലുള്ള വിഷയമല്ല. കേന്ദ്രം അയവേറിയ സമീപനം സ്വീകരിച്ചാല്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതടക്കമുള്ള നടപടികളുടെ അന്തസത്ത നഷ്ടമാകും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്ഥിരതകള്‍ ശക്തിപ്പെടും. കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടില്‍ വിമര്‍ശനം നേരിടേണ്ടി വരും. ഉദ്യോഗസ്ഥതലത്തിലെങ്കിലും ശിക്ഷാ നടപടി ഉണ്ടാകുമെന്നാണ് കരുതേണ്ടത്.

