എം ജി യില്‍ റാങ്ക് നേടിയ തിളക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍

എറണാകുളം: ബിഹാര്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി പ്രമോദ് കുമാറിന്റെ മകള്‍ പായല്‍ കുമാരിയാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ നടത്തിയ ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയിലാണ് പായല്‍ ഒന്നാം റാങ്ക് നേടിയത്.
ഷെയ്ക്പുര ജില്ലയില്‍ ഗോസായ്മതി ഗ്രാമത്തില്‍ നിന്നും ഏഴ് വര്‍ഷം മുന്‍പ് തൊഴിലന്വേഷിച്ചാണ് പ്രമോദും ബിന്ദുവും കേരളത്തിലെത്തിയത്. എറണാകുളം കങ്ങരപ്പടിയില്‍ താമസവും ആരംഭിച്ചു.

മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി കുട്ടിയെ ഇടപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നു. 83 ശതമാനം മാര്‍ക്കോടെ എസ് എസ് എല്‍ സി യും 95 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വും പാസായ പായല്‍ പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളജില്‍ ഹിസ്റ്ററി പഠനത്തിന് ചേര്‍ന്നു. സാമ്പത്തിക പിേന്നാക്കാവസ്ഥയും ഇളയ കുട്ടികളുടെ പഠനത്തിന് തടസ്സം ഉണ്ടാകാതിരിക്കുന്നതിനുമായി പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുവാന്‍ നോക്കിയിരുന്നു. കോളജ് അധികൃതരുടെ പിന്തുണ ലഭിച്ചതോടെ ഉന്നത വിജയത്തിനായി നന്നായി പഠിച്ചു. 85 ശതമാനം മാര്‍ക്ക് നേടിയാണ് മലയാളി വിദ്യാര്‍ത്ഥികളെ പിന്നിലാക്കി പായല്‍ മികച്ച വിജയം നേടിയത്. വെളളിയാഴ്ച കോളജില്‍ നടക്കുന്ന ഓണ്‍ ലൈന്‍ അനുമോദന സമ്മേളനത്തില്‍ മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.

Share
അഭിപ്രായം എഴുതാം