തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച (16 /08/ 2020) 11 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് മാത്രം നാലുപേർ മരണമടഞ്ഞു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർകോട്, തൃശ്ശൂർ എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), പടനിലം സ്വദേശി കമലമ്മ (85), ചിറയിൻകീഴ് സ്വദേശി രമാദേവി (68), പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ തടവുകാരൻ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72), വയനാട് വാളാട് സ്വദേശി (73), ആലപ്പുഴ സ്വദേശി സദാനന്ദൻ (63), പത്തനംതിട്ട കോന്നി സ്വദേശി (48), കാസർകോട് സ്വദേശി മോഹനൻ (71), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70) എന്നിവരാണ് മരിച്ചത്. കാസർകോട് കൊറോണ ബാധിച്ച് പിഞ്ചുകുഞ്ഞ് ബയാർ സ്വദേശി റിസ (7 മാസം) മരണമടഞ്ഞു. കുഞ്ഞിന്‍റെ അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുഞ്ഞ്. ഇതോടെ ഞായറാഴ്ച മാത്രം സംസ്ഥാനത്തെ കൊറോണ മരണം പതിനൊന്നായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഞായറാഴ്ച നടത്തിയ പരിശോധനയിൽ 145 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 356 ആയി.
പൂജപ്പുര സെൻട്രൽ ജയിലിലെ ഒരാൾ അടക്കം പതിനൊന്ന് കൊറോണ മരണം
