കണ്ണൂര്‍ : കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി.വൈ.എസ്‌പി വി.മധുസൂദനന് സ്‌തുത്യര്‍ഹമായ സേവനത്തിനുളള വിശിഷ്ട സേവാ മെഡല്‍. 2020 മെയ് 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തെ തേടി അംഗീകാരമെത്തുകയായിരുന്നു.
1995 ല്‍ പൊലീസില്‍ പ്രവേശിച്ച ഇദ്ദേഹം പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട് വയനാട്, ഹോസ്‌ദുര്‍ഗ്, കൂത്തുപറമ്പ് , മട്ടന്നൂര്‍, വൈത്തിരി എന്നിവിടങ്ങളില്‍ സി.ഐ ആയിരുന്നു തുടര്‍ന്ന് ഡി.വൈ.എസ്.പിയായി പ്രമോഷന്‍ ലഭിച്ചു. കാസര്‍ഗോഡ് ഡിസിആര്‍ബിയിലായിരുന്നു ആദ്യ നിയമനം. മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ക്രൈം ഡിറ്റാച്ച്‌മെന്‍റ് ഡിവൈഎസ്‌പിയായിരുന്നു. തുടര്‍ന്ന് മൂന്നുവര്‍ഷം കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലും പ്രവര്‍ത്തിച്ചു.
എം.കെ.രാഘവന്‍ എം.പി, കെ.എം.ഷാജി എംഎല്‍.എ എന്നി വര്‍ക്കെതിരെയുളള വിജിലന്‍സ് കേസ് അന്വേഷിച്ചത് മധുസൂദനനായിരുന്നു. തളിപ്പറമ്പ് സബ് രജിസ്‌ട്രാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയതും മധുസൂദനന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമായിരുന്നു.
ഇടയ്‌ക്ക് സിനിമയിലും തിളങ്ങിയ മധുസൂദനന്‍, ദൃക്ക്‌സാക്ഷിയും തൊണ്ടിമുതലും എന്ന സിനിമയില്‍ തിളക്കമാര്‍ന്ന അഭിനയം കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം സിനിമയുടെ തിരക്കിലാണ്.