നീലേശ്വരം: പറമ്പില്‍ വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മയെ 20 മിനിട്ടിനകം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറാകാതെ ഡ്യൂട്ടി ഡോക്ടര്‍. പാമ്പിനേയോ അല്ലെങ്കില്‍ അതിന്‍റെ ഫോട്ടോയോ കാണിച്ചെങ്കിലേ വിഷത്തിന് ചികിത്സിക്കാന്‍ കഴിയുളളുവെന്ന വാശിയില്‍ ആന്‍റിവെനം നല്‍കാന്‍ മൂന്നരമണിക്കൂര്‍ താമസിപ്പിച്ചു. അപ്പോഴേക്കും വിഷം രോഗിയുടെ ശരീരത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. കാസര്‍കോട് ജില്ലാ ആശുപത്രിയിലാണ് സംഭവം.
നീലേശ്വരം പളളിക്കരസ്വദേശി കാസര്‍ക്കോട് ഡിസി ആര്‍ബി സബ് ഇന്‍സ്പെക്ടറായ ലതീഷിന്‍റെ ഭാര്യ അര്‍ച്ചനയാണ് ദാരുണാന്ത്യത്തിനിടയായത്. കഴിഞ്ഞമാസം 21-ന് വൈകിട്ട് 6 മണിയോടെയാണ് പറമ്പില്‍ വച്ച് പാമ്പുകടിയേറ്റ അര്‍ച്ചനയെ കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഉടന്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ല. മൂന്നരമണിക്കൂറിന് ശേഷമാണ് ആന്‍റിവെനം നല്‍കിയത്. പക്ഷെ അപ്പോഴേക്കും വിഷം ശരീരത്തില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു.
ഒടുവില്‍ വിഷം വൃക്കയിലേക്കു വ്യാപിച്ചതോടെ മലവും മൂത്രവും തുടര്‍ച്ചയായി പുറത്തു പോകാന്‍ തുടങ്ങി. അത്യാഹിത വിഭാഗത്തില്‍ വെച്ച് 12 പ്രാവശ്യത്തോളം അര്‍ച്ചനയുടെ മലവും മൂത്രവും ആശുപത്രി അധികൃതര്‍ ലതീഷിനെക്കൊണ്ട് കോരിക്കുകയും മുറി തുടപ്പിക്കുകയും ചെയ്തു. എങ്ങനെയും പ്രിയതമയെ രക്ഷപെടുത്താനായി ആശുപത്രി ജീവനക്കാരുടെ ഓരോ നിര്‍ദ്ദേശങ്ങളും അക്ഷരം പ്രതി പാലിച്ച് ആ പോലീസ് ഇന്‍സ്പെക്ടര്‍ ഓടിനടന്നുകൊണ്ടിരുന്നു.
ഒടുവില്‍ പിറ്റേന്ന് വിഷം ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ചെന്നും എത്രയും പെട്ടെന്ന് പരിയാരത്തേക്ക് കൊണ്ടു പോകാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നീട് പല ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും കണ്ണൂര്‍ മിംസില്‍വച്ച് അര്‍ച്ചനയുടെ മരണം സംഭവിച്ചു. ഇതിനിടെ അര്‍ച്ചനയുടെ ശരീരത്തില്‍ വിഷബാധയേറ്റതിനാല്‍ കാലും പിന്നീട് അരക്കുതാഴെയും മുറിച്ചുമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

