കാബൂള്‍: വീട്ടില്‍കയറി മാതാപിതാക്കളെ വധിച്ച താലിബാന്‍ ഭീകരരെ വെടിവച്ചുവീഴ്ത്തി അഫ്ഗാന്‍ കൗമാരക്കാരി കണക്കുതീര്‍ത്തു. ഗോറി പ്രവിശ്യയിലെ ഖമര്‍ ഗുല്‍ എന്ന 15കാരിയാണ് ഭീകരര്‍ക്കുനേരെ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഗുലിന്റെ പ്രത്യാക്രമണത്തില്‍ മറ്റുചില ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗുലിന്റെ പിതാവ് ഗ്രാമമുഖ്യനും സര്‍ക്കാര്‍ അനുകൂലിയുമായിരുന്നു. വീട്ടിലെത്തിയ ഭീകരര്‍ പിതാവിനെ വലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചു. ഇതുകണ്ട് മാതാവ് തടയാന്‍ ശ്രമിച്ചെങ്കിലും ഭീകരര്‍ ഇരുവരെയും വെടിവച്ചുകൊലപ്പെടുത്തി. ഇതുകണ്ട ഗുല്‍ വീട്ടിലിരുന്ന എകെ 47 തോക്കെടുത്ത് ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുലിനെ ആക്രമിക്കാന്‍ കൂടുതല്‍ ഭീകരര്‍ പിന്നീട് എത്തിയെങ്കിലും ഗ്രാമീണരും സര്‍ക്കാര്‍ അനുകൂല പോരാളികളും ചേര്‍ന്ന് വെടിവച്ച് തുരത്തി. ഗുലും ഇളയ സഹോദരനും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്താണെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. എകെ 47മായി നില്‍ക്കുന്ന ഗുലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്.



