കൊച്ചി: കോണ്‍സുലേറ്റ് ചാനൽ വഴി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപും സ്വപ്നയും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. രാത്രി എട്ടുമണിയോടെയാണ് എൻഐഎ സംഘം സന്ദീപ് നായർ , സ്വപ്ന സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ ബിടിഎം ലേഔട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ബാംഗ്ലൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ഭർത്താവും കുട്ടികളും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. എൻ ഐ എ സംഘം ഫോൺ ചോർത്തിയാണ് സ്വപ്ന ബാംഗ്ലൂരിൽ ഉണ്ട് എന്ന് മനസ്സിലാക്കിയത്. സ്വപ്നക്ക് ഒപ്പം സന്ദീപും ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. ദേശീയ അന്വേഷണ ഏജൻസി യുഎപിഎ കുറ്റങ്ങൾ ഇരുവരുടേയും പേരിൽ ചുമത്തിയിരുന്നു. ഞായറാഴ്ച ഇരുവരെയും കൊച്ചിയിൽ എത്തിക്കും. സ്വപ്നയെ ചോദ്യം ചെയ്യുന്നതോടുകൂടി കേരളത്തിൽ ഉടലെടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് പുതിയമുഖം കൈവരുമെന്ന് കരുതപ്പെടുന്നു. സ്വർണക്കടത്ത് കേസിൽസ്വപ്നയ്ക്കുള്ള ബന്ധം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കരന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളായി കേരളത്തില്‍ മാറിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ സന്ദീപ് നായരുടെ വീട്ടിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തിയിരുന്നു. സന്ദീപ് നായരുടെ സഹോദരന് റെയ്ഡിനിടെ ഒരു ഫോൺ വന്നു. അതേ പറ്റി തിരക്കിയപ്പോൾ അഭിഭാഷകനാണ് എന്ന മറുപടിയാണ് സഹോദരൻ നൽകിയത്. പക്ഷേ ഇതേ പറ്റി സംശയം തീരാത്ത എൻഐഎ സംഘം നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദീപ് നായർ ബാംഗ്ലൂരിൽ ഉണ്ട് എന്ന് ഉറപ്പിച്ചത്. എന്‍ ഐ എ യുടെയും കസ്റ്റംസ് സംഘത്തിന്റേയും കസ്റ്റഡിയിലാണ് ഇരുവരും.
സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി എന്‍ ഐ എ സ്ഥിരീകരിച്ചു. ഇരുവരെയും കോറമണ്ഡൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും എന്നും പറഞ്ഞു.
യുഎപിഎ ചുമത്തിയിട്ടുള്ളതു കൊണ്ടും അന്വേഷണം പൂർത്തിയാകാത്തതു കൊണ്ടും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. എൻ ഐ എ ഏറ്റെടുത്തശേഷം നിർണായക കണ്ടെത്തലുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരുന്നു. സ്വർണം കടത്തുന്നത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നതിനാണ് എന്ന് തുടക്കത്തിൽ തന്നെ സ്ഥിരീകരണം ആയി. വരും ദിവസങ്ങളിൽ ഇതിൻറെ ബന്ധങ്ങളും, സംരക്ഷകരായി നിലകൊണ്ട രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമാണിമാരുടെ വിവരങ്ങളും പുറത്തു വരും എന്നാണ് കരുതപ്പെടുന്നത് .

