മല്‍സ്യ- മാംസ സ്റ്റാളുകള്‍ കൊറോണ വിതരണ കേന്ദ്രങ്ങളാകുന്നുവോ, നിയന്ത്രണങ്ങള്‍ക്ക് ഇവിടെ പുല്ലുവില

തിരുവനന്തപുരം: സംസ്ഥാനത്ത് മല്‍സ്യ- മാംസ സ്റ്റാളുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. മിക്ക സ്റ്റാളുകളിലും മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയില്ലാതായി. പലയിടത്തും മല്‍സ്യവും മാംസവും വാങ്ങാനെത്തുന്നവരും സാമൂഹിക അകലം പാലിക്കുന്നില്ല. അകലം പാലിക്കണമെന്ന് വ്യാപാരികള്‍ അവരോട് നിര്‍ദേശിക്കുന്നുമില്ല. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പട്ടണങ്ങളില്‍ പാല്‍, മല്‍സ്യം, മാംസം, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് നിയന്ത്രണ നിയമങ്ങള്‍ മിക്കയിടത്തും ലംഘിക്കുന്നത്.

കാസര്‍കോട്ടെ എല്ലാ മാര്‍ക്കറ്റുകളും അടച്ചു. ഇവിടെ നാല് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പത്തനംതിട്ട കുമ്പഴയിലെ രണ്ടുപേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മല്‍സ്യ- മാംസ മാര്‍ക്കറ്റ് അടച്ചു. ഇതിനിടെ എറണാകുളം, ആലുവ മാര്‍ക്കറ്റുകളില്‍നിന്നായി ഇതുവരെ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന പച്ചക്കറി, മല്‍സ്യ, മാംസ ചന്തകള്‍ വൈറസ് പടര്‍ത്തുന്ന കേന്ദ്രങ്ങളായി മാറുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാധനസാമഗ്രികളുമായി ലോറികള്‍ നിരന്തരം ഇവിടെ എത്തുന്നുണ്ട്. ഇതിലെ ജീവനക്കാരില്‍ ആര്‍ക്കെല്ലാം രോഗമുണ്ടെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. സമ്പര്‍ക്കംവഴി പകരുന്നത് പലര്‍ക്കും മനസിലാവാറില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നത്.

ചാവക്കാട് നഗരസഭയുടെ മല്‍സ്യ- മാംസ മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണ നിയമങ്ങള്‍ പാലിക്കാതെ വ്യാപാരം നടത്തിയതിന് 32 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് മീന്‍ കയറ്റിയ വാഹനങ്ങള്‍ ബ്ലാങ്ങാട് മാര്‍ക്കറ്റില്‍ എത്തിച്ചായിരുന്നു വ്യാപാരം. ശനിയാഴ്ച രാവിലെ നാലരയ്ക്ക് പൊലീസ് എത്തി മാര്‍ക്കറ്റില്‍ പരിശോധന നടത്തി. പൊലീസ് എത്തുമ്പോള്‍ മാര്‍ക്കറ്റിനകത്തേക്ക് കടക്കാന്‍ കഴിയാത്തവണ്ണം വാഹനങ്ങളും കച്ചവടക്കാരും നിറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌കും ഗ്ലൗസും ധരിക്കാതെയുമായിരുന്നു ഇവിടെ കച്ചവടം. മീന്‍ വാങ്ങാന്‍ വന്നവരില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ മാസവും ഈ മാര്‍ക്കറ്റ് 15 ദിവസം കണ്ടെയ്ന്‍മെന്റ് സോണാക്കി അടച്ചിട്ടിരുന്നതാണ്. സംസ്ഥാന ഇന്റലിജന്‍സിന്റെ സന്ദേശത്തെ തുടര്‍ന്നാണ് ബ്ലാങ്ങാട് മാര്‍ക്കറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. കണ്ടെയ്ന്‍മെന്റ് സോണായ പൊന്നാനി, കുന്നംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് മീന്‍വണ്ടികള്‍ ബ്ലാങ്ങാട് എത്തുന്നുണ്ടെന്നും ഇത് രോഗവ്യാപനത്തിലേക്ക് വഴിവയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്. അതിര്‍ത്തി പൊലീസ് അടച്ചിട്ടുണ്ടെങ്കിലും ഊടുവഴികളിലൂടെ മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തുകയാണ്. മാര്‍ക്കറ്റിനകത്തേക്ക് പോകുന്ന ഓരോരുത്തരേയും തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല.

Share
അഭിപ്രായം എഴുതാം