റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിൽ 8 പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റുമരിച്ചു

July 10, 2020 - 3:29 pm

ലഖ്നൗ: ഉത്തർപ്രദേശിൽ പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെ പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വ്യാഴാഴ്ചയാണ് വികാസിനെ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞ് പിടികൂടിയത്. മധ്യപ്രദേശിലെ കസ്റ്റഡിയിൽ നിന്നും ഉത്തർപ്രദേശ് പോലീസ് വികാസിനെ ഏറ്റുവാങ്ങി കാൺപൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പോലീസ് വാഹനങ്ങൾ കോൺവോയ് ആയാണ് കാൺപൂരിലേക്ക് പോയത്. സംഭവത്തെ പറ്റി ഉത്തർപ്രദേശ് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: കാൺപൂരിന് സമീപം വച്ച് ഇതിൽ ഒരു വാഹനം റോഡിൽ മറിഞ്ഞു. ഈ അവസരം പ്രയോജനപ്പെടുത്തി ഒരു ഉദ്യോഗസ്ഥന്‍റെ സർവീസ് റിവോൾവർ കരസ്ഥമാക്കി വികാസ് രക്ഷപ്പെട്ടു. പിന്തുടർന്നവരെ വെടിവെച്ച് പിന്തിരിപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് വാഹനത്തിലെ പോലീസുകാരും ചേർന്ന് ദുബൈക്ക് ആയി തിരച്ചിൽ ആരംഭിച്ചു. പരിസര പ്രദേശമാകെ പോലീസ് സംഘം വളഞ്ഞു. ഇതിനുള്ളിൽ പെട്ട വികാസ് കീഴടങ്ങാനുള്ള പോലീസിൻറെ ആവശ്യം നിരാകരിച്ച് അവർക്ക് നേരെ വെടിവെച്ചു. വെടിവെപ്പിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് തിരിച്ചു വെടിവച്ചു. പരുക്കേറ്റ ദുബെയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഒരാഴ്ച മുമ്പ് ആയിരുന്നു വികാസ് ദുബെയെ പിടിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. അറുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. രാജ് നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിൽ അംഗമായിരുന്ന ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി കേസുകൾ വികാസ് ദുബെയുടെ പേരിലുണ്ട്. ഇതിൽ ഒരു കേസിൽ അറസ്റ്റ് ചെയ്യാൻ വേണ്ടി എത്തിയ പൊലീസ് സംഘത്തിനു നേരെയാണ് അയാൾ വീടിൻറെ മുകളിലത്തെ നിലയിൽ നിന്നും വെടിയുതിർത്തിയത്. സംഭവത്തിൽ എട്ട് പോലീസുകാർ മരിച്ചു. വീടിൻറെ പിന്നിലൂടെ രക്ഷപ്പെട്ട വികാസ് ദുബെക്ക് വേണ്ടി നാല് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. അതിനിടയിലാണ് വ്യാഴാഴ്ച ഇയാൾ ഉജ്ജയിനിയിൽ മഹാകാളി ക്ഷേത്രത്തിൽ വച്ച് മധ്യപ്രദേശ് പോലീസിൻറെ പിടിയിലായത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ ഉത്തർപ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ അടുത്ത രണ്ട് അനുയായികൾ വെടിയേറ്റ് മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *