ബിജെപിയും കോൺഗ്രസും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കേന്ദ്ര അന്വേഷണം വേണമെന്ന കാര്യത്തിൽ മുന്നണികൾ മൂന്നും തമ്മിൽ അഭിപ്രായ ഭേദമില്ല. ബിജെപിയും കോൺഗ്രസും ഒരു കാര്യത്തിൽ കൂടി യോജിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറിനിൽക്കണമെന്നതിലാണ് യോജിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉൾപ്പെട്ട സംഭവമായതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. അതുവരെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിണറായി വിജയൻ മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തിന് വിധേയമാകാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരിക്കെ ഉടലെടുത്ത ലാവലിൻ കേസുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദിലീപ് രാഹുലനും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം അന്വേഷണ വിധേയമാക്കണമെന്ന് ബിജെപി നേതാവ് രമേശ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ആഫീസ് മാറുന്ന സംഭവം കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ് എന്ന് പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീർ പ്രതികരിച്ചു. രാജ്യാന്തര ബന്ധങ്ങൾ ഉള്ള സ്വർണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട സാഹചര്യത്തിൽ ചുമതലകളിൽ നിന്ന് മാറി നിന്നുകൊണ്ട് അന്വേഷണം നേരിടണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐ സംഭവത്തിൽ ശക്തമായ അമർഷത്തിലാണ്. പാർട്ടി മുഖപത്രത്തിൽ ഇതിൻറെ സൂചനകൾ പ്രതിഫലിച്ചു. സമഗ്രമായ അന്വേഷണം സ്വർണ്ണക്കടത്ത് സംഭവത്തിൽ ഉണ്ടാകണം. ഇതു സംബന്ധിച്ച വിവരങ്ങൾ ഇടതുപക്ഷ മുന്നണിയിൽ ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം