റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡ് യാതനകള്‍ തന്നു, പക്ഷെ വിജയിപ്പിച്ചത് 9കാരന്റെ വിശ്വാസം- മനോജ് ബാജ്‌പേയ്

July 3, 2020 - 4:23 pm

ന്യൂഡല്‍ഹി: ബോളിവുഡ് നല്‍കിയ യാതനകള്‍ തുറന്നു പറയുകയാണ് ചലച്ചിത്ര ലോകം. സുശാന്തിന്റെ മരണത്തോടെ ആരംഭിച്ച ഈ തുറന്ന് പറച്ചിലിലേക്ക് എത്തിയിരിക്കുകയാണ് മറ്റൊരു നടന്‍ കൂടി. ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ച ഘട്ടങ്ങളില്‍ സഹൃത്തുക്കളാണ് കൂടെ നിന്ന് രക്ഷിച്ചെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മനോജ് ബാജ്‌പേയ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ബീഹാറിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകന്റെ മകനായിട്ടായിരുന്നു ജനനം. അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം ജീവിതം. ലളിതവും ദരിദ്രവുമായിരുന്നു ജീവിതം. ഒമ്പതാം വയസ്സിലാണ് അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ആദ്യം അറിയുന്നത്. അഭിനയമാണ് തട്ടകമെന്ന് അന്നേ തിരിച്ചറിഞ്ഞു. പിന്നീട് മൂന്ന് തവണ ദേശീയ നാടക അക്കാദമിയിലേക്ക് അപേക്ഷ അയച്ചു. മൂന്ന് തവണയും തള്ളി. അഞ്ചു കൂട്ടുകാര്‍ക്കൊപ്പം ഒരു ചെറിയ മുറിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു സിനിമയില്‍ അവസരം തേടിയത്. എന്നാല്‍ ഒരു റോളും കിട്ടിയില്ല. ഒരിക്കല്‍ തന്റെ ഫോട്ടോ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ കീറിക്കളഞ്ഞു. ആദ്യ ഷോട്ട് കഴിഞ്ഞ ശേഷം ‘ഗെറ്റ്ഔട്ട്’ അടിക്കപ്പെട്ടു. ഒരു ദിവസം മൂന്ന് പ്രൊജക്ടുകള്‍ വരെ നഷ്ടമായി. ആത്മഹത്യയുടെ അരികില്‍ പലതവണ എത്തി. അപ്പോഴെല്ലാം കൂട്ടുകാര്‍ തുണയായി. വാടക കൊടുക്കാന്‍ പോലും കഷ്ടപ്പെട്ടു. ഒരു പാവ് വട പോലും ചെലവേറിയ കാലമായിരുന്നു അത്. എന്നാല്‍ വയറ്റിലെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ കീഴടക്കാന്‍ ശേഷിയുണ്ടായിരുന്നില്ല. നാലു വര്‍ഷത്തെ ഈ ദാരിദ്ര്യത്തിന് ശേഷം മഹേഷ് ഭട്ടിന്റെ ഒരു ടെലിവിഷന്‍ സീരിയലില്‍ ഒരു റോള്‍ കിട്ടി. ഒരു എപ്പിസോഡിന് 1500 രുപ വീതം കിട്ടാന്‍ തുടങ്ങിയതോടെ സ്ഥിര വരുമാനമായി. ശേഖര്‍ കപൂറിന്റെ ബന്‍ഡിറ്റ് ക്വീനില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത് ഒരു ചായക്കടയില്‍ ഇരിക്കുമ്പോളായിരുന്നു.

പിന്നീട് അവസരങ്ങളെത്തിത്തുടങ്ങിയെന്നും, സത്യ എന്ന ചിത്രത്തിലൂടെയാണ് വലിയൊരു ബ്രേക്ക് ലഭിച്ചതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. 67 സിനിമകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് എത്താനായത്. ഇങ്ങിനെയാണ് സ്വപ്നങ്ങള്‍ സത്യമായതും യാഥാര്‍ത്ഥ്യമായതും. ഇതിനൊക്കെ കാരണം 9 വയസ്സുമുതല്‍ കൊണ്ടു നടന്ന എന്റെ വിശ്വാസമായിരുന്നു, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്,’ അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *