ന്യൂ ഡല്‍ഹി: ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സ്വീകരിച്ച നടപടിക്കിടെ കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 129 കുട്ടികളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗനിസ്റ്റ് ടോര്‍ച്ചര്‍ വ്യക്തമാക്കി. ബാല കൊലപാതകങ്ങളില്‍ 38.5% പോലീസുകാരും 61.5% അജ്ഞാത അക്രമികളുമാണ് നടത്തിയത്, ഈ ആക്രമികളില്‍ ചിലര്‍ക്ക് പോലീസുമായി നേരിട്ട് ബന്ധമുണ്ട്. ഇത്തരത്തില്‍ അവസാനമായി കൊല്ലപ്പെട്ടത് 20 മാസം പ്രായമുള്ള പെണ്‍കുട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാജ്യത്തെ ഇത്തരം നിയമവിരുദ്ധമായ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച് സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ ആരംഭിക്കാന്‍ യുഎന്‍ മനുഷ്യാവകാശ സമിതിയോട് ഫിലിപ്പീന്‍സ് ആസ്ഥാനമായുള്ള വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗനിസ്റ്റ് ടോര്‍ച്ചറും ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ കണക്ക് മഞ്ഞുമലയുടെ അഗ്രമാണ്. കാരണം ഞങ്ങള്‍ക്ക് രേഖപ്പെടുത്താനും സ്ഥിരീകരിക്കാനും കഴിഞ്ഞ കുറഞ്ഞ കേസുകള്‍ മാത്രമാണിത്. അറിയപ്പെടാത്ത നിരവധി കേസുകളുണ്ടായിട്ടുണ്ടാവുമെന്നും ഒഎംസിടി സെക്രട്ടറി ജെറാള്‍ഡ് സ്റ്റാബെറോക്ക് പറഞ്ഞു.
തെളിവുകള്‍ ശേഖരിക്കുന്നതിനും ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനുമായി വ്യക്തമായ അന്വേഷണ ഉത്തരവ് നല്‍കാന്‍ ഞങ്ങള്‍ മനുഷ്യാവകാശ സമിതിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2016 മുതല്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരെ ട്രാക്ക് ചെയ്യാനും, വേണ്ടിവന്നാല്‍ കൊല്ലാനും പൊലീസിനെ പ്രസിഡന്റ് റോഡറീഗോയുടെ ഭരണകൂടം അധികാരപ്പെടുത്തിയിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം കുഞ്ഞുങ്ങള്‍ അടക്കം പതിനായിരക്കണക്കിന് പേരാണ് മയക്കു മരുന്ന് വേട്ടയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഡ്യുര്‍ട്ടെയുടെ മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം പരിശോധിക്കുന്നത് അസാധ്യമാണെന്നും പക്ഷേ 10000 ത്തിലധികം പേര്‍ ഓപ്പറേഷന്‍ സമയത്തു കൊല്ലപ്പെട്ടാതായും പൊലീസ് പറഞ്ഞു.
നാലുവര്‍ഷമായി ഫിലിപ്പൈന്‍സില്‍ നിയമവിരുദ്ധമായി നടപ്പിലാക്കുന്ന ശിക്ഷാവിധിക്കെതിരെയും പൊലീസിന്റെ നിയമ ദുരുപയോഗങ്ങള്‍ക്കെതിരേയും വ്യാപകമായ അന്വേഷണം വേണമെന്ന അവകാശ പ്രമേയത്തിന് അംഗീകാരം നല്‍കണമെന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തെരുവില്‍ വെടിവെച്ചുകൊന്നും വനിതാ റിബലുകളുടെ ലൈംഗികാവയവം തകര്‍ക്കാന്‍ ആഹ്വാനം ചെയ്തും, വിമതരെ വെടിവച്ചു കൊല്ലുകയും ചെയ്യുന്ന ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ ക്രൂരവിനോദത്തിനെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഡുട്ടെര്‍ട്ടെയുടെ മയക്കുമരുന്നു വേട്ടയ്‌ക്കെതിരെ യുഎന്നില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര കോടതിയുടെ നിര്‍ദേശമനുസരിച്ച് പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.



