തിരുവനന്തപുരം: ഉത്തരയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിൽ നിർണായകമായ തെളിവ് ആന്തരാവയവങ്ങളുടെ പരിശോധനയിൽ ലഭിച്ചു. ഉറക്കഗുളികയുടെ സാന്നിധ്യം ആന്തരാവയവ പരിശോധനയിൽ തെളിഞ്ഞു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് തിരിച്ചറിയാൻ പാടില്ലാത്തവിധം ഗാഢനിദ്രയിൽ ആയിരിക്കുന്നതിനു വേണ്ടി നേരത്തെ ഉറക്കഗുളിക കലർത്തി കൊടുത്തു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
ജ്യൂസില്‍ 650 മില്ലിഗ്രാമിന്റെ പത്തോളം പാരസെറ്റമോള്‍ ഗുളികകളും അലര്‍ജിയുടെ മരുന്നുകളും കലക്കി കൊടുത്തുവെന്ന് സൂരജ് പോലീസിനോട് പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ഫലമാണ് രാസപരിശോധനയില്‍ ലഭിച്ചത്. കരളിലും തലച്ചോറിലും പാമ്പിന്‍വിഷത്തോടൊപ്പം ഉറക്കഗുളികയുടെ അംശവുമുണ്ടായിരുന്നു.
പാമ്പിൻറെ കടിയേറ്റാൽ വേദനകൊണ്ട് ഏതൊരാളും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും. എന്നാൽ രണ്ടാമത്തെ പാമ്പുകടിയിൽ അതു സംഭവിച്ചിട്ടില്ല. അണലിയെ ഉപയോഗിച്ച് കടിപ്പിച്ചപ്പോൾ ഉറക്കത്തിൽ ഉണർന്നു ഉത്തര വേദനകൊണ്ട് പുളഞ്ഞ അനുഭവം ഉണ്ടായിരുന്നു. ഇതേതുടർന്ന് മനപ്പൂർവ്വം വൈകിപ്പിച്ചിട്ട് ആണെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നു. സൂരജിൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു. ഈ സ്ഥിതി ആവർത്തിക്കാതിരിക്കാനുള്ള ആസൂത്രണമാണ് സൂരജ് നടത്തിയത്. ഉത്തരയുടെ വീട്ടിൽ സംഭവദിവസം എത്തിച്ചേർന്ന സൂരജ് ജ്യൂസ് ഉണ്ടാക്കി എല്ലാവർക്കും കൊടുത്തിരുന്നു. ഉറക്ക ഗുളിക ഉത്തരയുടെ ഉള്ളിൽ സംഭവദിവസം ചെന്നിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.