തിരൂര്‍ നഗരസഭ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടമായി

മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാവുന്ന രീതിയിലേക്ക് കൊണ്ട് വരാന്‍ ബഡ്‌സ് സ്‌കൂളുകള്‍ക്കാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. തിരൂര്‍ നഗരസഭയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനത്തിനായി ആരംഭിച്ച ബഡ്‌സ് സ്‌കൂളിന്റെയും നഗരസഭ ജീവനക്കാര്‍ക്കായി നിര്‍മിച്ച ഓഫീസ് കം റസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരൂര്‍ തുഞ്ചന്‍ പറമ്പിന് മുന്‍വശത്തെ നഗരസഭയുടെ ഭൂമിയില്‍ 81.53 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് പഠനത്തിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന വിധത്തിലാണ് കെട്ടിട നിര്‍മാണം. നാല് ക്ലാസ് മുറികള്‍, ഓഫീസ്, ഹാള്‍, ഡൈനിംഗ് ഹാള്‍, അടുക്കള, ശുചി മുറി തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2014 ല്‍ ഏഴ് കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്‌കൂളില്‍ നിലവില്‍ 50 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളിന് വാഹനം വാങ്ങുന്നതിനായി 15 ലക്ഷം രൂപ കുടുംബശ്രീ മിഷന്‍ അനുവദിച്ചിട്ടുണ്ട്.

കൃഷിഭവന്‍ ഓഫീസ്, ആരോഗ്യ വിഭാഗം സ്റ്റോര്‍ റൂം, ജനകീയ അടുക്കള, ഡൈനിംഗ് ഹാള്‍, റസ്റ്റ് റൂം എന്നീ സൗകര്യങ്ങളോടെയാണ് നഗരസഭ കാര്യാലയത്തിന് പിന്നിലായി ഓഫീസ് കം റസ്റ്റ് ഹൗസ് പണികഴിപ്പിച്ചിട്ടുള്ളത്. പഴയ ഗസ്റ്റ് ഹൗസ് പൊളിച്ച് മാറ്റിയാണ് 33 ലക്ഷത്തോളം ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്.

സി. മമ്മുട്ടി എം എല്‍ എ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ കെ.ബാവ, വൈസ് ചെയര്‍ പേഴ്‌സണ്‍ പി. സഫിയ ടീച്ചര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5684/Thirur-buds-school-building.html

Share
അഭിപ്രായം എഴുതാം