ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം സുസജ്ജമാണോ എന്ന് വിലയിരുത്തുന്നതിനായിരുന്നു മോക്ക് ഡ്രില്‍. രാവിലെ 10.30ഓടെ വെള്ളപ്പൊക്കമുണ്ടാകുന്നതായി കുട്ടനാട് ജലഗതാഗത വകുപ്പ് നല്‍കിയ അറിയിപ്പാണ് മോക്ക് ഡ്രില്ലിന് തുടക്കമിട്ടത്. വിവരം പെട്ടെന്ന് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ല ദുരന്ത നിവാരണ അതോറിട്ടിയെ അറിയിക്കുകയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തിര ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗം ചേര്‍ന്നു. തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
10.50ഓടെ പോലീസ് പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് സ്ഥലത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. 10.53ഓടെ പ്രദേശം ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ സജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും പോലീസും പുറപ്പെട്ടു. ജനങ്ങള്‍ ഭയചകിതരാകാതിരിക്കാനായി സംഭവ വികാസങ്ങള്‍ വിവരിച്ച് പോലീസ് പൊതു അറിയിപ്പ് നടത്തി. 11.35 ഓടെ കൊച്ചുഗോവിന്ദന്‍ ജെട്ടിയില്‍ നിന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ബോട്ടില്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. 11.42ഓടെ ചാലിച്ചിറ ജെട്ടിയില്‍ നിന്നും ക്വാറന്റൈനില്‍ കഴിയുന്നയാളെ പി.പി.ഇ കിറ്റ് ധരിച്ച ദുരന്ത നിവാരണ സേനാംഗങ്ങള്‍ ഒഴിപ്പിച്ചു. തുടര്‍ന്ന് ബോട്ട് ജെട്ടി അണുവിമുക്തമാക്കി. ചാവറ ജെട്ടിയില്‍ നിന്നും കന്നുകാലികളെ കൈനകരി മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. മേരികുട്ടിയുടെ നേതൃത്വത്തില്‍ സുരക്ഷിത കേന്ദ്രമായ പത്തില്‍ പാലത്തിലേക്ക് ജങ്കാറില്‍ മാറ്റി. ഉച്ചക്ക് 12.00മണിയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവിന്റെ നേതൃത്വത്തില്‍ ക്യാമ്പ് പരിപാലന യോഗം ചേര്‍ന്നു. ഓരോ ക്യാമ്പിലും ഒരു സ്ത്രീ പ്രധിനിധി, ഒരു പുരുഷ പ്രധിനിധി, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ എന്നിവരെ നിയമിക്കാനും കാര്യങ്ങള്‍ എങ്ങനെ സുഗമമായി നടപ്പാക്കാമെന്നും ചര്‍ച്ച ചെയ്തു. 12.20ഓടെ കൈനകരി സെന്റ് മേരിസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പലില്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറെത്തി. 12.30ഓടെ കളക്ടറുടേയും ആര്‍.ഡി.ഒയുടേയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. മോക് ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. 12.50ഓടെ മോക്ക് ഡ്രില്‍ അവസാനിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബു ആയിരുന്നു ഓണ്‍സൈറ്റ് കമാന്റന്റ്. കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ. വിജയസേനനായിരുന്നു മോക്ക് ഡ്രില്ലിലെ ഇന്‍സിഡന്റ് കമാന്റന്റ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മോക്ക് ഡ്രില്ലില്‍ ക്വാറന്റൈനിലുള്ളവരേയും രോഗലക്ഷണമുള്ളവരേയും താമസിപ്പിക്കാനായി കേരള ബാക്ക്വാട്ടേഴ്‌സ് റിസോര്‍ട്ടിലെ പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നു. 60 വയസിനു മുകളില്‍ പ്രായമായവരെയും സാധാരണക്കാരെയും സെന്റ് മേരിസ് സ്‌കൂളിലെ ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെയാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിച്ചത്.
സെന്റ് മേരിസ് സ്‌കൂളില്‍ പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേകം രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചത്. ആരോഗ്യ വിഭാഗം, പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണം, അത്യാവശ്യ മരുന്നുകള്‍ എന്നിവ ക്രമീകരിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്ന് ഒഴിപ്പിക്കലും ബോട്ട് ജെട്ടികളുടെ അണുനശീകരണവും നടത്തി. ദേശിയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജരായിരുന്നു. കുട്ടനാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പുകളുടെ നടത്തിപ്പ്, നാശനഷ്ട അവലോകനം, ക്യാമ്പുകളിലേക്കുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കി. ഈ ഘട്ടങ്ങളിലെല്ലാം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. ബി.എസ്.എന്‍.എല്‍, കേരള വാട്ടര്‍ അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ്, ഡി.ഇ.ഒ.സി എന്നിവരും സുസജ്ജരായി രംഗത്തുണ്ടായിരുന്നു.
അടിയന്തിര ഘട്ടങ്ങളില്‍ ക്യാമ്പുകളായി മാറ്റുന്ന സ്‌കൂളുകളില്‍ കൂടുതല്‍ ശുചിമുറി സൗകര്യം ഉറപ്പുവരുത്തുക, സമയബന്ധിതമായി ഒഴിപ്പിക്കല്‍ നടപ്പാക്കുക, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തി സുരക്ഷിതമായ ഒഴിപ്പിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ മോക്ക് ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തില്‍ കളക്ടര്‍ പങ്കുവെച്ചു. ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹം, ആര്‍.ഡി.ഒ. എസ്. സന്തോഷ് കുമാര്‍, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍ എന്നിവര്‍ മോക്ക് ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5386/mock-drill-in-Kainakari-.html