ന്യൂഡല്‍ഹി രാജ്യത്ത് കൊറോണ രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഹജ്ജ് റദ്ദാക്കാന്‍ ആലോചനയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍. ബ്രിട്ടീഷ് പത്രമായ ഫിനാന്‍സ് ടൈംസ് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
സാധാരണയായി ജൂലൈ അവസാനമാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കാറുള്ളത്. രണ്ട് ദശലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മം, ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നാണ്. മതചടങ്ങ് എന്നതിനപ്പുറം റിയാദിന് വലിയൊരു സാമ്പത്തിക നേട്ടം കൂടിയാണ് ഹജ്ജ് കാലം. കൊറോണ കേസുകള്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ തന്നെ തീരുമാനങ്ങള്‍ നീട്ടി വയ്ക്കാന്‍ സൗദി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും റദ്ദാക്കി ഇല്ലെങ്കില്‍ തന്നെ യാത്രക്കാരെ ഗണ്യമായി കുറയ്ക്കാനും പദ്ധതിയുണ്ട്. ഒരു രാജ്യത്തില്‍ നിന്ന് സാധാരണ വരുന്നവരുടെ 20 ശതമാനം പേരെ മാത്രം അനുവദിക്കാനും ആലോചനയുണ്ട്.
ഏറ്റവും കൂടുതല്‍ ഇസ്ലാമിക വിശ്വാസികളുള്ള ഇന്തോനേഷ്യ അടക്കം പല രാജ്യങ്ങളും ഹജ്ജ് യാത്ര റദ്ദാക്കിയിട്ടുണ്ട്. സൗദിയുടെ നിലപാട് വ്യക്തമാക്കുന്നത് കൂടിയാണിത്. ഇന്ത്യയും 2020 ഹജ്ജ് നടക്കാന്‍ സാധ്യത കുറവാണ് എന്നാണ് പ്രതികരിച്ചിട്ടുള്ളത്. സാധാരണയായി 2 ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നുമാത്രം ഹജ്ജ് യാത്ര ചെയ്യുന്നത്. 2030ഓടെ ഹജ്ജ് കൊണ്ടു മാത്രം വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി സൗദിയുടെ തീരുമാനങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു.




