പത്തനംതിട്ട: ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത അധ്യാപകനും തിരുവല്ല നാദം ഓര്‍ക്കസ്ട്രയുടെ അമരക്കാരനുമായ ആര്‍.എല്‍.വി. സനോജ് പുറമറ്റം. ‘ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം’ എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പ്രകാശനം ചെയ്തു.
വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ പഠനമാണ് വീഡിയോ ഗാനത്തിന്റെ പ്രമേയം. ആര്‍.എല്‍.വി സനോജ് പുറമറ്റമാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രചന ബിന്ദു സന്തോഷും പാടിയിരിക്കുന്നത് മൂന്നാം ക്ലാസുകാരിയായ ദേവനന്ദ രാജീവ്, അമൃത, ദേവിക സുനില്‍, എന്നിവര്‍ ചേര്‍ന്നുമാണ്. ജന്മനാ കാഴ്ച്ചശേഷി ഇല്ലാത്ത സനോജ് സംഗീത അധ്യാപകന്‍ കൂടിയാണ്. ഗാനത്തിന്റെ രചയിതാവായ ബിന്ദു സന്തോഷിനും കാഴ്ച്ചശേഷി ഇല്ല.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ലാസുകള്‍ ഓണ്‍ലൈനാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു ഗാനം എന്ന ആശയം മനസില്‍ തോന്നിയതെന്നും കുട്ടികളുടെ ലോകത്തെക്കുറിച്ച് അവര്‍ തന്നെ പറയണം എന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊണ്ടുപാടിച്ചതെന്നും ആര്‍.എല്‍.വി. സനോജ് പറഞ്ഞു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4778/Newstitleeng.html