ഇടുക്കി: ഞായറാഴ്ച രണ്ട് അണക്കെട്ടുകള്‍ തുറന്നു, ഇടുക്കിയില്‍ ജാഗ്രതാനിര്‍ദേശം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അണക്കെട്ടുകള്‍ തുറന്നത്. പാംബ്ല, കല്ലാര്‍ക്കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം രാവിലെ 10 മണിക്കാണ് ഉയര്‍ത്തി . പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മൂന്നുനാലു ദിവസമായി ജില്ലയില്‍ ഇടവിട്ടുള്ള മഴ ലഭിക്കുന്നുണ്ട്. കൂടാതെ കനത്ത മഴ ഉണ്ടായേക്കാമെന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനാല്‍ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ടുകള്‍ തുറന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്.



