റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ ഫോണും ഡയറിയും മാറ്റി, കേസില്‍ വന്‍ അട്ടിമറി; മഠം അധികൃതരും പോലീസും സംശയത്തിന്റെ നിഴലില്‍

May 29, 2020 - 8:54 pm

കൊച്ചി: കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ ഫോണും ഡയറിയും മാറ്റി കേസില്‍ വന്‍ അട്ടിമറി നടത്തിയതായി സൂചന. ഇതോടെ മഠം അധികൃതരും പോലീസും സംശയത്തിന്റെ നിഴലിലായി. തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായ തെളിവുകളാണ് അപ്രത്യക്ഷമായത്. ഏറെ ദുരൂഹത നിറഞ്ഞ കേസായിരുന്നിട്ടും ദിവ്യ ഉപയോഗിച്ചിരുന്ന മുറി പൂട്ടി സീല്‍ ചെയ്യുകയോ അവരുടെ മൊബൈല്‍ ഫോണ്‍, ഡയറി എന്നിവ തെളിവായി സ്വീകരിക്കുകയോ ഉണ്ടായില്ല. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിലും ദിവ്യയുടെ മൊബൈല്‍ ഫോണ്‍, ഡയറി എന്നിവയെ സംബന്ധിച്ച് ഒരു വിവരവും രേഖപ്പെടുത്തിയിട്ടില്ല.

മേയ് ഏഴിനാണ് ദിവ്യയെ കോണ്‍വെന്റ് വക കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മഠത്തിലെ മുതിര്‍ന്ന ഒരു കന്യാസ്ത്രീ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇവിടെ തനിക്ക് പഠിക്കാനാവുന്നില്ലെന്നും ദിവ്യ തന്റെ വീട്ടുകാരോട് ഫോണിലൂടെ പറഞ്ഞിരുന്നു. എന്താണു പ്രശ്‌നമെന്ന് വീട്ടുകാര്‍ ചോദിച്ചെങ്കിലും അത് ഫോണിലൂടെ പറയാനാവില്ലെന്നും എല്ലാ കാര്യങ്ങളും തന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. ഈ ഡയറി തെളിവായി സ്വീകരിക്കാത്തതില്‍ കേസന്വേഷണം നീതിപൂര്‍വമായിരിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ തുടക്കംമുതല്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല. ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയപ്പോഴാണ് മൊഴിയെടുക്കാന്‍പോലും പൊലീസ് തയാറായത്.

ദിവ്യ മരിക്കുന്നതിനുമുമ്പ് ആരോടൊക്കെ ഫോണില്‍ സംസാരിച്ചിരുന്നു, മഠത്തിലെ പീഡനവുമായി ബന്ധപ്പെട്ട് എസ്എംഎസുകള്‍ ആര്‍ക്കെങ്കിലും അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ കേസിന്റെ അന്വേഷണം നല്ലനിലയില്‍ പുരോഗമിക്കുകയുള്ളൂ. മനപ്പൂര്‍വം തെളിവുകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ദിവ്യയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെടുത്തതല്ലാതെ മറ്റു തെളിവുകള്‍ ശേഖരിച്ചതായി സൂചനയില്ല.





Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *