ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും സൈനികരെയും എത്തിച്ച് ചൈന പോര്‍വിളി മുഴക്കുന്നതിനിടെ പാകിസ്താനില്‍നിന്ന് പുതിയ ആക്രമണ ഭീഷണി ഉയരുന്നു. ഇന്ത്യയില്‍നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രസ്താവിച്ചു. ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും ശക്തമായി പ്രതികരിക്കാന്‍ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി പാകിസ്താനെ നിരന്തരം പ്രകോപിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ നയം. ഇത് ഞങ്ങള്‍ ഇതുവരെ ക്ഷമിച്ചിരിക്കുകയായിരുന്നു. സംയമനം തുടരാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍, ഇത് ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുതെന്നും ഷാ മഹ്മൂദ് ഖുറേശി പറയുന്നു. ബുധനാഴ്ച ഇന്ത്യയുടെ ഒരു ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു.