ഗോപാല്‍ ഗഞ്ച് (ബിഹാര്‍): ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഐഎംഎല്‍ നേതാവ് ജെ പി യാദവിന്റെ വീട് ആക്രമിച്ച സംഘം മാതാപിതാക്കളെയും സഹോദരനെയും വെടിവച്ചുകൊന്നു. യാദവിനും വെടിയേറ്റു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മഹേഷ് ചൗധരി (65), സങ്കേഷ്യ ദേവി (60), ശാന്തനു (35) എന്നിവരാണു കൊല്ലപ്പെട്ടത്. ഗോപാല്‍ഗഞ്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് യാദവിനും കുടുംബത്തിനും നേരെ വെടിയുതിര്‍ത്തതെന്നും കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ സംഭവസ്ഥലത്തുവച്ചും സഹോദരന് ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിനു പിന്നാലെ ഗ്രാമത്തില്‍ വന്‍ പ്രതിഷേധം നടന്നു. സംഭവത്തില്‍ ജെഡിയു എംഎല്‍എ അമരേന്ദ്ര പാണ്ഡെ, സഹോദരന് സതീഷ് പാണ്ഡെ, സതീഷിന്റെ മകന് മുകേഷ് പാണ്ഡെ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സതീഷിനേയും മുകേഷിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിലുള്ള എംഎല്‍എ അമരേന്ദ്ര പാണ്ഡെയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ സ്പീക്കറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ജെ പി യാദവ് പാട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അമരേന്ദ്ര പാണ്ഡെയുടെ പങ്ക് പൊലീസ് അനേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന ജെ പി യാദവ് അമരേന്ദ്ര പാണ്ഡെക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

