അടിമാലി: സ്വന്തം കൃഷിയിടത്തില്‍ വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുതുമനയില്‍ (പുളിഞ്ചോട്ടില്‍) പൈലിയാണു മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജങ്ഷനില്‍നിന്ന് 300 മീറ്റര്‍ ദൂരത്തുള്ള കൃഷിയിടത്തിലാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മച്ചിപ്ലാവ് ലക്ഷംവീടിനു സമീപത്തുള്ള മൂത്തമകളുടെ വീട്ടിലാണ് ഇദ്ദേഹം പതിവായി അന്തിയുറങ്ങിയിരുന്നത്. മകളുടെ വീടിനുസമീപം പൈലിക്ക് കൃഷിഭൂമിയുണ്ട്. ഇവിടെ വിറക് കൂട്ടിയിട്ട് ചിതയൊരുക്കി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ രീതിയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.
ശനിയാഴ്ച മകളുടെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണ് പൈലി കൃഷിയിടത്തിലേക്കു പോയത്. ഏറെനേരമായിട്ടും കാണാഞ്ഞതോടെ മകള്‍ അന്വേഷിച്ചുചെന്നപ്പോള്‍ കൃഷിയിടത്തിലെ ഷെഡിനു സമീപം ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ അഴിച്ചുവച്ചിരിക്കുന്നതായിതായി കണ്ടു. അയല്‍വാസികളെയും കൂട്ടി അന്വേഷിക്കുന്നതിനിടെയാണ് തീ ആളിപ്പടരുന്നതു കണ്ടത്. വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാല്‍പാദമൊഴികെ ബാക്കിഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അടിമാലി സിഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



