റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ന്(23-05-2020) സംസ്ഥാനത്ത് 62 പേര്‍ക്ക് കൊവിഡ്-19

May 23, 2020 - 7:35 pm

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ നാലു പേർക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേർക്കും കോട്ടയം ജില്ലയിലെ രണ്ടു പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ 18 പേർ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-ഒൻപത്, സൗദി അറേബ്യ-മൂന്ന്, കുവൈറ്റ്-രണ്ട്, മാലി ദ്വീപ്, സിങ്കപ്പൂർ, മസ്‌കറ്റ്, ഖത്തർ- ഒന്നുവീതം) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്, കർണാടക-രണ്ടുവീതം, ഉത്തർപ്രദേശ്, ഡൽഹി-ഒന്ന് വീതം) വന്നതാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ മൂന്നുപേർ പാലക്കാട് ജില്ലയിലുള്ളവരും രണ്ട് പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 7303 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയിൽവേ വഴി 3108 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 90,416 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 668 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 51,045 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 7672 സാമ്പിളുകൾ ശേഖരിച്ചതിൽ 7147 സാമ്പിളുകൾ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2026 സാമ്പിളുകളാണ് പരിശോധിച്ചത്.

ഒൻപത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചെമ്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *