റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ വെള്ളിയാഴ്ച (22/05/2020) കൊറോണരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ആകെ 42 പേര്‍

May 22, 2020 - 8:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കേസ് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും വിദേശത്തു നിന്ന് വന്ന 17 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരിൽ 12ഉം കാസർകോട് ഏഴും കോഴിക്കോട്, പാലക്കാട്  ജില്ലകളിൽ അഞ്ച് പേർക്ക് വീതവും തൃശൂർ, മലപ്പുറം ജില്ലകളിൽ നാലു പേർക്ക് വീതവും കോട്ടയത്ത് രണ്ടു പേർക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം.

കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകനുമാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ച മലപ്പുറത്ത് രണ്ടു പേർ രോഗമുക്തരായി. മുംബയിൽ നിന്ന് ചാവക്കാടെത്തിയ 73 വയസുള്ള ഖദീജക്കുട്ടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്‌സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശൂർ 16 എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ പേർ ചികിത്‌സയിലുള്ളത്. സംസ്ഥാനത്ത് 28 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.

ഇതുവരെ കേരളത്തിൽ 732 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 216 പേരാണ് നിലവിൽ ചികിത്‌സയിലുള്ളത്. 84258 പേർ നിരീക്ഷണത്തിലുണ്ട്. 51310 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 49535 നെഗറ്റീവാണ്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗങ്ങളുടെ 7072 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 6630 എണ്ണം നെഗറ്റീവായി.

വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ സന്നാഹം വലിയ രീതിയിൽ വർധിപ്പിക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. എന്നാൽ ഒരു മലയാളിക്ക് മുന്നിലും കേരളം വാതിൽ കൊട്ടിയടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *