കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക. ജൂണ്‍ ഒന്നിനുമുമ്പായി മുഴുവന്‍ മദ്റസകളും പരിസരവും വൃത്തിയാക്കി ശുദ്ധീകരിച്ച് അണുനശീകരണ പ്രവര്‍ത്തനം നടത്തും.
ജൂണ്‍ മൂന്നുമുതല്‍ മുഴുവന്‍ മുഅല്ലിമുകളും അവരവര്‍ ജോലിചെയ്യുന്ന മദ്റസയിലെത്തി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുപരീക്ഷാ സംബന്ധമായ നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ മദ്റസാ പഠന സംബന്ധമായ പ്രാഥമികവിവരങ്ങളും ഓണ്‍ലൈന്‍ വഴി നല്‍കണം. ജൂണ്‍ രണ്ടാംവാരത്തോടെ മദ്റസാ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. പൊതുപരീക്ഷാ ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അര്‍ധവാര്‍ഷിക പരീക്ഷയ്ക്കു ലഭിച്ച മാര്‍ക്ക് മാനദണ്ഡമാക്കി പ്രമോഷന്‍ നല്‍കും. ഓണ്‍ലൈന്‍ ക്ലാസ് സംബന്ധമായ വിശദവിവരങ്ങള്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളേയും മദ്റസാ മാനേജ്മെന്റുകളേയും മുഅല്ലിമുകളേയും അറിയിക്കുന്നതാണ്.

