ഓടംതോട്: ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇതുമൂലം സ്ഥലവാസികള്‍ ഭയന്നുവിറച്ചാണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പട്ടിയെ പുലി ആക്രമിച്ചു. സിവിഎം കുന്നില്‍ ചരപറമ്പില്‍ രവീന്ദ്രന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. നായയുടെ കരച്ചില്‍കേട്ട് രവീന്ദ്രന്റെ മകന്‍ രാഹുല്‍ദേവ് ടോര്‍ച്ച് തെളിച്ചുനോക്കിയപ്പോഴാണ് ആക്രമിക്കുന്ന പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളംവച്ചതോടെ പുലി ഓടിമറയുകയായിരുന്നു.
മൂന്നുമാസം മുമ്പാണ് ഇവരുടെ ബന്ധു നാരായണന്റെ ആടിനെ പുലി പിടിച്ച് തിന്നത്. കൂടാതെ ആറോളം വളര്‍ത്തുനായകളെയും മൂന്ന് ആടുകളേയും ഒരു പശുക്കുട്ടിയേയും ഇതിനുമുമ്പ് പുലി പിടിച്ചിട്ടുണ്ട്. ഇതുമൂലം തേക്കിന്‍കാടിനോട് ചേര്‍ന്ന് വീടുവച്ച് താമസിക്കുന്ന പതിനെട്ടോളം കുടുംബങ്ങള്‍ ഭയന്നാണു കഴിയുന്നത്. ഇതിനുമുമ്പും പുലിയുടെ ശല്യമുണ്ടായപ്പോള്‍ കെണിവച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല.