തിരുവനന്തപുരം: മിനിമം ചാര്‍ജ് 20 രൂപയും ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കും വേണമെന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സര്‍വീസിന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം സര്‍വീസ് നടത്താനാവില്ല. നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണം. മിനിമം ചാര്‍ജ് 20 രൂപയാക്കി രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കില്‍ ചാര്‍ജ് കൂട്ടണം. ഇക്കാര്യം ഗതാഗതമന്ത്രിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
240 കി.മി. ഒരു ദിവസം സര്‍വീസ് നടത്തുന്ന ബസിന് ഡീസല്‍ ചെലവ് മാത്രം 4200 രൂപയോളം വരും. ജീവനക്കാരുടെ വേതനമടക്കം പ്രതിദനം 9000 രൂപയോളം ചെലവുണ്ടാകും. 23 യാത്രക്കാരുമായി മാത്രം സര്‍വീസ് നടത്തുന്ന ബസിന് യാത്രാനിരക്ക് ഇരട്ടിയാക്കിയാലും ഒരു ദിവസം ഈ വരുമാനം കണ്ടെത്താന്‍ പ്രയാസമാണ്. ഇന്‍ഷുറന്‍സ് പുതുക്കല്‍ അടക്കം ഒരു ബസ് ഇനി പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒന്നരലക്ഷത്തോളം രൂപ ചെലവുവരും. രണ്ട് മാസമായി നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ മുന്നിലെ രണ്ട് ടയറെങ്കിലും മാറ്റണം. ബസ് ഓടാത്തതിനാല്‍ ബാറ്ററികള്‍ പ്രവര്‍ത്തനക്ഷമമല്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് മുന്നോടിയായി പെയിന്റിങ് പണികളും പൂര്‍ത്തിയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.