റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപവീതം ഉടന്‍: തോമസ് ഐസക്

May 9, 2020 - 2:29 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 വീതം നല്‍കാന്‍ 147.82 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മെയ് 14 മുതല്‍ തുകയുടെ വിതരണം ആരംഭിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാറ്റിവയ്ക്കുന്ന തുകയില്‍നിന്നാണ് ഇത് വിതരണം ചെയ്യുക. ഈ തുക പ്രത്യേക അക്കൗണ്ടായിട്ടാണ് ട്രഷറിയില്‍ സൂക്ഷിക്കുന്നത്. അതില്‍നിന്നുള്ള ആദ്യത്തെ ചെലവ് സാമൂഹ്യസുരക്ഷാ പെന്‍ഷനോ, ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്കു നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കുന്ന ധനസഹായമാണ്. ഇങ്ങനെയുള്ള 14,78,236 കുടുംബങ്ങള്‍ ഉണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ 147.82 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചത്.

ഈ കുടുംബങ്ങളെ കണ്ടെത്തിയത് റേഷന്‍കാര്‍ഡ് വിവരങ്ങളിലൂടെയാണ്. സ്പ്രിങ്ഗ്ലര്‍ കമ്പനിക്കു കൊടുത്തൂവെന്ന് പറഞ്ഞ വിവരങ്ങള്‍ കൊവിഡ് സാമ്പത്തിക പാക്കേജ് പ്രകാരം സഹായം നല്‍കാന്‍വേണ്ടിയാണ് ഉപയോഗിക്കുന്നത്. റേഷന്‍കാര്‍ഡില്‍ എല്ലാ കുടുംബങ്ങളുടെയും ആധാര്‍ നമ്പരുണ്ട്. ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചവരുടെയെല്ലാം ആധാര്‍ നമ്പര്‍ ഒത്തുനോക്കി അങ്ങനെയുള്ള കാര്‍ഡ് ഉടമകളെ ഒഴിവാക്കി. അതിനുശേഷം 1000 രൂപ ധനസഹായം ലഭിച്ച ആളുകളുടെ ആധാര്‍ ഒത്തുനോക്കി ഒഴിവാക്കി. എന്നാല്‍, രണ്ടാമത്തെ കൂട്ടരില്‍ 4-5 ലക്ഷം പേരുടെ ആധാര്‍ നമ്പര്‍ ലഭ്യമല്ല. അതുകൊണ്ട് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന 14.8 ലക്ഷം പേരുടെ ലിസ്റ്റില്‍ കുറച്ച് അനര്‍ഹരുണ്ടാവാം.

ഓരോരുത്തരുടെയും വീടുകളില്‍ ഏറ്റവും അടുത്ത സഹകരണ ബാങ്കില്‍നിന്ന് പ്രവര്‍ത്തകര്‍ ഈ പണം വീട്ടില്‍ എത്തിച്ചുകൊടുക്കും. എന്നാല്‍, പണം കൈപ്പറ്റുംമുമ്പ് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നിര്‍ദിഷ്ട ഫോമില്‍ ലഭ്യമാക്കണം. ഭാവിയില്‍ സാമ്പത്തികസഹായം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കാനുള്ള അനുവാദവും ഒപ്പിട്ടുനല്‍കണം. അതോടൊപ്പം പെന്‍ഷനോ, 1000 രൂപ സഹായമോ വീട്ടില്‍ ലഭിച്ചിട്ടില്ലെന്നും സത്യാങ്മൂലം ഒപ്പിട്ടുനല്‍കണം. പണവിതരണം അടുത്തയാഴ്ച തന്നെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *