പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്നു

തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങി വരാൻ താൽപര്യമുള്ളവരും പേര് രജിസ്റ്റർ ചെയ്തതും ആയ പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ടു വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്ന സംഘങ്ങൾ സജീവം. വാട്സ്ആപ്പ് സന്ദേശങ്ങളായാണ് ഇവ വ്യാപിക്കുന്നത്. വിമാന ടിക്കറ്റ് സംബന്ധിച്ച് ബുക്കിങ്ങിനും മടക്കയാത്രയുടെ രജിസ്ട്രേഷന് വേണ്ടിയും വിവരങ്ങൾ നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശവും അതിനുള്ള ഗൂഗിൾ ഫോമും ആണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. ഇതിനെതിരെ മുൻകരുതൽ നിർദ്ദേശവുമായി കേന്ദ്രസർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പ് താഴെപ്പറയുന്ന വിധത്തിലാണ്.

ഇന്ത്യയില്‍ നിന്നും രക്ഷാ വിമാനങ്ങള്‍ എന്ന തലക്കെട്ടിലാണ് സന്ദേശം പ്രചരിക്കുന്നത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഉള്ളവര്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്.

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യയില്‍ നിന്ന് രക്ഷ വിമാനങ്ങള്‍ എന്ന പേരില്‍ ഗൂഗിള്‍ ഫോമിലേക്കുള്ള ലിങ്കുകള്‍ക്കൊപ്പം വാട്‌സാപ്പ് മെസ്സേജ് പ്രചരിക്കുന്നുണ്ട്. ഇത് സത്യമല്ല. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു സന്ദേശം ഇറക്കിയിട്ടില്ല. ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.

വാട്‌സാപ്പ് വഴി പ്രചരിക്കുന്ന സന്ദേശം വിശ്വസിച്ച് ഗൂഗിള്‍ പേജിലെ കോളങ്ങള്‍ പൂരിപ്പിക്കുന്ന ഒരാള്‍ അത് സബ്മിറ്റ് ചെയ്യുമ്പോള്‍ സ്വന്തം കംപ്യൂട്ടറിലേക്കോ ഫോണിലേയ്‌ക്കോ തട്ടിപ്പുകാരുടെ സോഫ്റ്റ്വെയര്‍ പ്രവേശിക്കും. ബാങ്കിംഗ് പാസ്സ്വേര്‍ഡ് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കരസ്ഥമാക്കുകയും ചെയ്യും. നല്‍കിയ സ്വകാര്യ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി പിന്നീട് മറ്റു വിധത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാക്കുകയും ചെയ്‌തേക്കാം.

ഫോണുകളില്‍ വന്നുചേരുന്ന സന്ദേശങ്ങളില്‍ നിന്നാണ് സൈബര്‍ തട്ടിപ്പുകളില്‍ 35 ശതമാനം കേസുകളും ഉല്‍ഭവിക്കുന്നത് എന്നാണ് പഠനങ്ങള്‍. കൊറോണ ഉത്ഭവത്തിന് ശേഷം ഇതുവരെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 70 ശതമാനം വര്‍ദ്ധനവ് ഉണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ വെബ്‌സൈറ്റുകളും വ്യക്തികളുടെ വിവരങ്ങളും അടക്കം ചോര്‍ത്തിയെടുക്കുന്ന മുതല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വരെ ഇതില്‍ പെടുന്നു.

കൊറോണ ബാധയും ലോക് ഡൗണും ഉണ്ടായതിനുശേഷം വ്യക്തി വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുവാനുള്ള സംഘങ്ങള്‍ ആസൂത്രിതമായ നീക്കം നടത്തുന്നുണ്ട്. ജനുവരിക്ക് ശേഷം ഇതുവരെ കൊറോണയുമായി ബന്ധപ്പെട്ട പേരുകളില്‍ 68,000 വെബ്‌സൈറ്റ് ഡൊമെയ്‌നുകള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും സംശയകരമായ ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റ് ആണെന്ന് അവയുടെ ഉള്ളടക്കം പരിശോധിച്ചിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട ആളുകളുടെയും രോഗികളുടെയും ബന്ധുക്കളുടെയും വിവരശേഖരണം നടത്തുവാനുള്ള ലക്ഷ്യത്തോടെയാണ് സൈറ്റുകള്‍ പലതും തുടങ്ങിയിട്ടുള്ളത്. പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ആയിരിക്കും ഈ ഡേറ്റ ഉപയോഗപ്പെടുത്തുക.

Share
അഭിപ്രായം എഴുതാം