കൊറോണ പ്രതിസന്ധി സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിനെ ബാധിക്കുന്നു: മെയ്‌ മുതൽ ആസ്സാമിൽ ശമ്പളം കൊടുക്കാൻ കഴിയില്ലെന്ന് മന്ത്രി

ന്യൂഡൽഹി ഏപ്രിൽ 21: കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗൺ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. വരുമാന നഷ്ടത്തെ തുടർന്ന് ദൈനംദിനപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാന സർക്കാർ എത്തിക്കൊണ്ടിരിക്കുന്നു. മെയ്‌ മാസം മുതൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ആസ്സാം മന്ത്രി വ്യക്തമാക്കുന്നു. കേരളത്തിന്റെ സ്‌ഥിതിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും പ്രധാന വരുമാന ശ്രോതസ്സുകൾ അടഞ്ഞതോടെ പ്രതിസന്ധി ഉണ്ടെന്നാണ് വിവരം. മദ്യ, ലോട്ടറി എന്നിവയുടെ വരുമാനം ഇല്ലാതായത് സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിനെ ബാധിച്ചിട്ടുണ്ട്.

മെയ് മാസത്തിൽ ആസ്സാമിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ആസാം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശർമ തിങ്കളാഴ്ച പറഞ്ഞു. പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമേ നികുതി വർധിപ്പിക്കാൻ സാധിക്കുള്ളു. ഉപഭോക്താക്കളെ അധികം ബാധിക്കാത്ത രീതിയിൽ ഇന്ധനത്തിന്റെ നികുതി വർധിപ്പിക്കാൻ ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച വിളിച്ച് ആസ്സാമിലെ സാമ്പത്തിക സ്‌ഥിതി അന്വേഷിച്ചെന്നും എല്ലാ സംസ്ഥാനങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തുമെന്ന് പറഞ്ഞതായും ശർമ്മ പറഞ്ഞു.

Share
അഭിപ്രായം എഴുതാം