ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം

വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം കൂടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ ഒഴുകുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കമ്പനികളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് കാരണം. പല വ്യവസായ ശാലകളിലേയും ഇടിപി പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യം പുഴയിലേക്ക് നിക്ഷേപിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മലിനീകരണം മൂലം പ്രദേശത്ത് മത്സ്യങ്ങളും ചത്തു പോകുന്നുണ്ട്. ഇതെല്ലാം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചെങ്കിലും ലോക്ക് ഡൗണ്‍ സമയത്തുള്ള ആവശ്യമുള്ള സര്‍വീസ് അല്ലാത്തതിനാല്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ നടപടി എടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ പ്രദേശത്ത് ഏതൊക്കെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള അറിവുകള്‍ കൃത്യമല്ല. കുടിവെള്ള പദ്ധതികളുടെ കൂടി ഭാഗമായ പെരിയാറില്‍ മലിനീകരണം കുറക്കാന്‍ അധികാരികള്‍ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം