ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനം. 15 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുതെന്നും ആവശ്യമുള്ളവര്‍ക്ക് സാധനങ്ങള്‍ പോലീസ് എത്തിച്ച് നല്‍കുമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ലഖ്‌നൗ, ആഗ്രാ, കാണ്‍പുര്‍, വാരണാസി, ശാംലി, മീററ്റ്, ബറേലി, ബുലമന്ദ് ഷെഹര്‍, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സീതാപുര്‍, ഷെഹ്‌റാന്‍പുര്‍, ബസ്തി എന്നീ ജില്ലകളാണ് അടച്ചിടാന്‍ തീരുമാനിച്ചത്. നോയിഡയിലും ഗാസിയാബാദിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരം നടപടി കൈകൊള്ളാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഇന്ന് ബുധനാഴ്ച അര്‍ദ്ധരാത്രി 12 മണി മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ നീളുമെന്നും ചീഫ് സെക്രട്ടറി അര്‍.കെ തീവാരി പറഞ്ഞു. പോലീസിനെ കൂടാതെ ആരോഗ്യ വിഭാഗത്തിനും ഹോം ഡെലിവറിക്കും മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്രം ഉണ്ടായിരിക്കുക..
ഉത്തര്‍പ്രദേശ് സര്‍ക്കാറിനു പുറമേ മധ്യപ്രദേശ് സര്‍ക്കാരും കടുത്ത നടപടികളിലേക്ക് കടക്കുന്നു. അവശ്യ സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ അവധിയില്‍ പോകരുതെന്നും അവധിക്കു പോകുന്ന പക്ഷം എസ്മ നിയമം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



