വിമാന വിലക്ക്: സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി പ്രവാസികൾ

റിയാദ് മാർച്ച്‌ 30: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവെച്ച ആഭ്യന്തര – വിദേശ വിമാന സർവീസ്  വിലക്ക് സൗദി അധികൃതർ  അനന്തമായി നീട്ടിയത് നാട്ടിൽ പോവാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ  അവശ്യ വസ്തുക്കളുടെ വിപണനം ഒഴികെ എല്ലാം തല്ക്കാലം നിർത്തിവെച്ചിരിയ്ക്കുകയാണ്. മാത്രവുമല്ല, ജിദ്ദ, റിയാദ്, മക്ക, മദീന ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും വൈകുന്നേരം മുതൽ രാവിലെ വരെ കർഫ്യുവും ഏർപ്പെടുത്തിയിരിക്കുകയുമാണ്. ഇക്കാരണത്താൽ വിവിധ കമ്പനികളിലും കടകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലിയില്ലാതെ തങ്ങളുടെ താമസസ്ഥലങ്ങളിൽ കഴിയുകയാണ്. ശമ്പളം ഇല്ലാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും അടക്കം നിത്യ ചെലവുകൾക്ക് പോലും ഗതിയില്ലാത്ത അവസ്ഥയിലുമാണ്. ഈ അവസ്ഥ തുടർന്നാൽ സാഹചര്യം വളരെ മോശമാകുമെന്ന ആശങ്കയിലാണ്   പ്രവാസികൾ.

ജോലി ഇല്ലാത്തതിനാൽ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് ദീർഘ കാല അവധി നൽകിയിട്ടുണ്ട്. എന്നാൽ, വിമാന സർവീസ് ഇല്ലാത്തതിനാൽ ഇവർക്ക് നാട് കാണുക എന്നത് സ്വപ്നമായി തുടരാനാണ് വിധി. ഏപ്രിൽ മുതൽ വിമാന സർവീസ് ഭാഗികമായെങ്കിലും പുനരാംഭിക്കും എന്നായിരുന്നു പ്രവാസികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനം തടുക്കുന്നതിനു വേണ്ടി സൗദി സർക്കാർ നേരത്തെ പ്രഖ്യാപിച്ച ആഭ്യന്തര – വിദേശ വിമാന സർവീസ് അനന്തമായി നിർത്തിവെക്കാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി സംസ്ഥാന സർക്കാർ മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ശ്രമിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Share
അഭിപ്രായം എഴുതാം