റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്‌കുമായി വിയ്യൂർ സെൻട്രൽ ജയിൽ

March 16, 2020 - 10:43 am

തൃശൂർ മാർച്ച് 16: കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുകളുമായി വിയ്യൂർ സെൻട്രൽ ജയിൽ. ദിനം പ്രതി 500ൽ പരം മാസ്‌കുകളാണ് അന്തേവാസികൾ രാവ് പകലാക്കി നിർമ്മിക്കുന്നത്. നിലവിലെ ത്രീ ലയർ സർജിക്കൽ മാസ്‌ക്കുകൾ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് സർക്കാരിന്റെ അടിയന്തിര ഇടപെടലിൽ സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിൽ തുണി മാസ്‌ക് നിർമാണം തുടങ്ങിയത്.

6 മണിക്കൂർ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തു ഉണക്കിയ ശേഷമോ, ഇസ്തിരിയിട്ട ശേഷമോ മാത്രമേ ഇത് ഉപയോഗിക്കാവു. വിപണിയിലെത്തുമ്പോൾ 12 രൂപക്ക് ഈ മാസ്‌ക്കുകൾ ലഭിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, ജയിൽ ഡി ജി പി ഋഷിരാജ് സിങ്ങുമായി ബന്ധപെട്ടാണ് കുറഞ്ഞ വിലക്ക് തുണി മാസ്‌ക് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
രണ്ട് തരം മാസ്‌ക്കുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. എൻ 95 മാസ്‌ക്ക്, ത്രീ ലയർ സർജിക്കൽ മാസ്‌ക് എന്നിവയാണ് അവ. എൻ 95 മാസ്‌ക്ക് കോവിഡ് 19 ബാധിച്ചവർക്കും അവരെ പരിചരിക്കുന്നവർക്കുമാണ് അവശ്യം. ഈ രണ്ട് മാസ്‌ക്കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണി മാസ്‌ക്കുകൾ ഉപയോഗിക്കാം എന്ന് വിദഗ്ധർ നിർദ്ദേശിച്ചത്. ഇതോടെയാണ് തുണി മാസ്‌ക്കിന് മാതൃകയുണ്ടാക്കി നിർമ്മാണം ആരംഭിച്ചത്.

വിയ്യൂർ ജയിലിൽ രണ്ട് തരത്തിൽപെട്ട മാസ്‌കുകളാണ് നിർമ്മിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന തുണിയിൽ നിർമിച്ച മാസ്‌ക്കും ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകളും. ഇവ ആരോഗ്യ പ്രവർത്തകർക്കും സമാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കൈമാറും. ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *