കൊച്ചി മാർച്ച് 5: വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി നടക്കുന്ന തട്ടിപ്പ് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം ഒരു ലൈസന്‍സിക്ക് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ രജിസ്റ്റര്‍ ചെയ്ത് വിപണനം നടത്താന്‍ കഴിയുകയുളളൂ.
കേരളത്തിനകത്തുളള ഉല്‍പ്പാദകരും വിതരണക്കാരും നിര്‍ബന്ധമായും അതത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസുമായി ബന്ധപ്പെട്ട് ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കേരളത്തിന് പുറത്ത് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട വിതരണക്കാര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്ന് അനുമതി നേടിയാല്‍ മാത്രമേ ജില്ലയ്ക്കകത്ത് ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യുകയുളളൂ. കൂടാതെ കേരളത്തിന് പുറത്ത് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ നിര്‍മാതാക്കളുടെ ഒരു ബ്രാന്‍ഡ് മാത്രമേ കേരളത്തിലെ ഒരു വിതരണക്കാരന് സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ സാധിക്കുകയൂളളൂ.
വെളിച്ചെണ്ണ ഉല്‍പാദന/വിതരണ/വിപണന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും ബ്രാന്‍ഡിന്റെ പേരും എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് നമ്പരും ബ്രാന്‍ഡ് ലേബലിന്റെ പകര്‍പ്പും ഹാജരാക്കി മാര്‍ച്ച് 15-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. പരിശോധനാ സമയത്ത് ഇതു പ്രകാരമുളള എല്ലാ രേഖകളും ഹാജരാക്കണം. ഈ ഉത്തരവ് മാര്‍ച്ച് 15-ന് പ്രാബല്യത്തില്‍ വരുന്നതും പ്രസ്തുത തീയതിക്ക് ശേഷം രജിസ്റ്റര്‍ ചെയ്യാത്ത ബ്രാന്‍ഡിലുളള വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുകയോ റീ പാക്ക് ചെയ്യുകയോ, വിതരണം നടത്തുകയോ ചെയ്യുന്ന പക്ഷം വെളിച്ചെണ്ണ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.