കൊച്ചിന്‍ റിഫൈനറിയിലെ അതിഥി തൊഴിലാളികളും ആവാസ് തണലില്‍

കൊച്ചി മാർച്ച് 5: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ 1,00,000 പേരെ അംഗങ്ങളാക്കി ജില്ലയ്ക്ക് ചരിത്രനേട്ടം.   ജില്ലയില്‍ 1,11,646 പേരെ അംഗങ്ങളാക്കിയാണ് സംസ്ഥാന തലത്തില്‍ ജില്ല ഒന്നാമതെത്തിയത്.  സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആവാസ്.  സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന അസംഘടിതരായ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നതിനായി തൊഴില്‍ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ പദ്ധതി ആരംഭിച്ചത്.  നിലവില്‍ ജില്ലയില്‍ 1,11,646 തൊഴിലാളികളാണ് അംഗങ്ങളായി ചേര്‍ന്നത്. ഇതില്‍ 1,01,910 പുരുഷന്‍മാരും 9,707 സ്ത്രീകളും 29 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു. സംസ്ഥാനത്താകെ  5,08,173 അതിഥി തൊഴിലാളികള്‍ പദ്ധതിയില്‍ അംഗങ്ങളായി കാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്.  

അതിഥി തൊഴിലാളികളുടെ സാമൂഹ്യവും ആരോഗ്യപരവുമായുളള സുരക്ഷ ഉറപ്പുവരുത്തുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ പ്രത്യേക സഹായ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.  സഹായ കേന്ദ്രത്തില്‍ എല്ലാ ദിവസവും രാവിലെ  10 മണി മുതല്‍ വൈകിട്ട് 5.00 മണിവരെ ആവാസ് രജിസ്‌ട്രേഷനുളള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി സന്ദര്‍ശന വേളയില്‍ മുഴുവന്‍ അതിഥി തൊഴിലാളികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുളള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) .വി.ബി ബിജുവിന്റെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിച്ചിരുന്നു. ബി.പി.സി.എല്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ നടന്ന ആവാസ് എന്റോള്‍മെന്റിന്റെ ഉദ്ഘാടനം ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.ബി ബിജുവും ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചീഫ് സെക്യൂരിറ്റി കോ- ഓര്‍ഡിനേറ്റര്‍ വിനു.ടി. മാത്യു, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരായ കെ.എ.ജയപ്രകാശ്, പി.എ രാജീവ്, ജി. കൃഷ്ണപ്രസാദ്, വൈ.പി.എഡ്‌വിന്‍, കെ.എന്‍.മനോജ്, എന്നിവര്‍ പങ്കെടുത്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →