നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

അങ്കമാലി മാർച്ച് 2: നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ്  അങ്കമാലിയില്‍ ആരംഭിച്ച ഭാഷാപരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വിദേശഭാഷകളില്‍ മികച്ച പരിജ്ഞാനം നേടാനാവശ്യമായ പരിശീലനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അങ്കമാലി ഇന്‍കല്‍ പാര്‍ക്കില്‍  ഭാഷാ പഠന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  

ആദ്യഘട്ടത്തില്‍ ഐഇഎല്‍ടിഎസ്, ഒഇടി തുടങ്ങിയ ഇംഗ്ലീഷ് ഭാഷാപരിശീലനവും രണ്ടാം ഘട്ടമായി ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷാപരിശീലനവും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തും എറണാകുളത്തും ഡല്‍ഹിയിലും ഒഡെപെകിന്റെ ഭാഷാപരിശീലനകേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഉത്തരകേരളത്തിലെ തൊഴിൽ അന്വേഷകര്‍ക്കായി കോഴിക്കോട് ജില്ലയില്‍  പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒഡെപെക് പരിശീലനകേന്ദ്രങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍ തൊഴിലുകളുടെ ഘടനയിലും സ്വഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി കിടപിടിക്കാനുള്ള മികവ് ആര്‍ജ്ജിക്കുന്നതിന് യുവാക്കള്‍ ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇത് മുന്‍നിര്‍ത്തി തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനത്ത് വിവിധ നൈപുണ്യവികസന-പരിശീലനപദ്ധതികള്‍  നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒഡെപെക്ക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെയ്‌സ് എംഡി എസ്.ചന്ദ്രശേഖര്‍, ഒഡെപെക് എംഡി കെ.എ.അനൂപ്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സജി വര്‍ഗീസ്, ഒഡെപെക്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ വി.എന്‍.പി.കൈമള്‍, കെ.പി.ബീന ഒഡെപെക്ക് ജയറല്‍ മാനേജര്‍ എസ്.എസ്.സജു എന്നിവര്‍ പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം