റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ ടി ജലീൽ

February 26, 2020 - 2:35 pm

തിരുവനന്തപുരം ഫെബ്രുവരി 26: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്നത്  പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് സർക്കാർ വനിത  കോളേജിൽ ഇംഗ്ലീഷ് ഓണേഴ്സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠനസമയം ക്രമീകരിക്കുന്നതിലൂടെ കുട്ടികൾക്ക് കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സമയം ലഭിക്കും.

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയിലേർപ്പെടാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സർവകാലാശാലകളിലും പരീക്ഷകൾ ഒരേ സമയം നടത്തും. ഫലപ്രഖ്യാപനവും ഒരേ ദിവസമാക്കും. ഇതിലൂടെ അഡ്മിഷൻ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാനാകും. അടുത്ത അധ്യയന വർഷം ബിരുദ ബിരുദാനന്തര ക്ലാസുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.  സർവകലാശാലകളിലും കോളേജുകളിലും  ഇന്റേണൽ അസെസ്മെന്റിന്  മിനിമം മാർക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഭരണകൂടവും ഒരുമിച്ചു നിൽക്കണം. കേരളത്തിലെ പെൺകുട്ടികൾ ഒരു വനിത കോളേജ് തെരഞ്ഞെടുക്കുമ്പോൾ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിനാണെന്നും മന്ത്രി വ്യക്തമാക്കി. കോളേജിൽ നിലവിൽ ബിരുദാനന്തര ബിരുദം ഇല്ലാത്ത രണ്ടു കോഴ്സുകൾക്ക് അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

നാലു കോടി രൂപയിലേറെ ചെലവഴിച്ച് ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണ് ഇംഗ്ലീഷ് ഓണേഴ്സ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് 125 വർഷത്തോളം പഴക്കമുള്ള കോളേജിലെ പൈതൃക കെട്ടിടം നവീകരിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കറിന് മന്ത്രി ഉപഹാരം നൽകി. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി.വിഘ്നേശ്വരി, പ്രിൻസിപ്പൽ ഡോ.ജി. വിജയലക്ഷ്മി, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഗായത്രി പ്രഭ, പി.ടി.എ. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യം എസ്. തുടങ്ങിയവർ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *