ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍: നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം

ന്യൂഡല്‍ഹി ഫെബ്രുവരി 20: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസമായി. മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും കര്‍ഫ്യൂവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരുന്നു.

2019 ആഗസ്റ്റ് 5നായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ആഗസ്റ്റ് 4 മുതല്‍ തന്നെ ജമ്മു കാശ്മീരില്‍ കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. കാശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളയടക്കം പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കി. നിരവധി പേരെ കരുതല്‍ തടങ്കലിലിട്ടു.

ജനുവരി അവസാനമാണ് 2ജി ഇ ന്റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനഃസ്ഥാപിച്ചത്. വാര്‍ത്താ വെബ്സൈറ്റുകള്‍ ഒഴികെയുള്ള 301 വെബ്സൈറ്റുകളാണ് ഉപയോഗിക്കാന്‍ അനുമതി. 3ജി, 4ജി സേവനങ്ങളുടെ നിയന്ത്രണം ഫെബ്രുവരി 24 വരെ നീട്ടി. അടുത്ത മാസം 5 മുതല്‍ 20 വരെ എട്ട് ഘട്ടങ്ങളായി നടത്താനിരുന്ന ജമ്മു കാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റി.

Share
അഭിപ്രായം എഴുതാം