ന്യൂഡല്‍ഹി ജനുവരി 23: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് പേരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടുവരും. നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
കാഠ്മണ്ഡുവില്‍ നിന്ന് 60 കിമീ അകലെയുള്ള ദമനിലെ റിസോര്‍ട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേര്‍ കഴിഞ്ഞ ദിവസം മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ്, കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. രഞ്ജിത്-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.