ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള പുതിയ തീയതി വിചാരണ കോടതി നാളെ തീരുമാനിച്ചേക്കും.
കേസിലെ പ്രതി മുകേഷ് സിങ് ചൊവ്വാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്.
മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ തീയതിക്കായി സര്‍ക്കാരും ജയില്‍ അധികൃതരും വിചാരണ കോടതിയെ സമീപിക്കും. 22ന് തന്നെ ശിക്ഷ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ ആശാദേവി സര്‍ക്കാരിനെതിരെ രംഗത്ത് വന്നു.