കോഴിക്കോട് ഡിസംബര്‍ 16: ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ദ്ധരാത്രിയില്‍ തീവണ്ടികള്‍ തടഞ്ഞത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് തടഞ്ഞുകൊണ്ടാണ് തീവണ്ടി തടയല്‍ സമരത്തിന് പ്രവര്‍ത്തകര്‍ തുടക്കമിട്ടത്.
കണ്ണൂരും എറണാകുളത്തും റെയില്‍വേ സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആദ്യം റെയില്‍വേ സ്റ്റേഷനിലും പിന്നീട് ദേശീയപാതയിലേക്കും പ്രതിഷേധം നീണ്ടു. ഈ നാട്ടിലെ പൗരനാണെന്ന് തെളിയിക്കാന്‍ അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്‌യുവും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.