ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനെ തുടര്‍ന്ന് അസം, ത്രിപുര, എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്.
മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവന തികച്ചും അസത്യമാണെന്നനും മൊമന്‍ പറഞ്ഞു. ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇക്കാര്യം ബോധ്യപ്പെടണമെങ്കില്‍ അമിത് ഷാ കുറച്ച് മാസം ബംഗ്ലാദേശില്‍ വന്ന് താമസിക്കണമെന്നും മൊമന്‍ വ്യക്തമാക്കി.
അസമില്‍ ഇന്‍റര്‍നെറ്റ് സേവനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. വിമാനസര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.



