ബംഗളൂരു ഡിസംബര്‍ 9: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ 12 സീറ്റുകളും ബിജെപി നേടി. കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാനും ബിജെപിക്ക് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ജെഡിഎസിനും ഒരു സീറ്റും ജയിക്കാന്‍ കഴിഞ്ഞില്ല.
ഉപതെരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകളടക്കം ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമായി. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയവരാണ്. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് അറിയുന്നത്.




