ന്യൂഡല്‍ഹി നവംബര്‍ 22: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശികയുടെ കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി അധികൃതര്‍. ബിൽ കുടിശ്ശിക ഇനത്തില്‍ 2.79 കോടി രൂപ വിദ്യാര്‍ത്ഥികള്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതരുടെ ഭീഷണിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. നവംബര്‍ 20-നാണ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
17 ഹോസ്റ്റലുകളിലായി താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജൂലായ്-ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ബിൽ കുടിശ്ശിക 2,79,33,874 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭ-നഷ്ട രഹിത വ്യവസ്ഥയിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. മെസ്സിലെ പണം വിദ്യാര്‍ത്ഥികള്‍ നല്‍കാറുണ്ടെന്നും വൈകുന്നത് സ്വാഭാവികമാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം നടക്കുന്ന സാഹചര്യത്തില്‍ കണക്കുകള്‍ പുറത്ത് വിട്ടത് ദുരുദ്ദേശ്യപരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.