മലപ്പുറം ആഗസ്റ്റ് 23: മുന്‍ എഐസിസി പ്രസിഡന്‍റും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മലപ്പുറത്തെയും വയനാട്ടിലെയും പ്രളയ-മണ്ണിടിച്ചില്‍ ബാധിത പ്രദേശങ്ങള്‍ ആഗസ്റ്റ് 26 മുതല്‍ സന്ദര്‍ശിക്കും. മണ്ണിടിച്ചിലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ആഗസ്റ്റ് 11നും വയനാട് ജില്ലയിലെ പുത്തുമലയില്‍ ആഗസ്റ്റ് 12നും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഏകദേശം 70 പേരാണ് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഈ സ്ഥലങ്ങളില്‍ മരിച്ചത്. മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ദുരിതം കൂടുതലായി പ്രഹരമേല്‍പ്പിച്ച വയനാടും മലപ്പുറവും രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് നിയോജയ മണ്ഡലത്തില്‍ വരുന്നതാണ്.
പ്രളയബാധിതരെ പുനരധിവസിപ്പിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് കൂടുതല്‍ ധനസഹായം വേണമെന്നും കാണിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. അടിയന്തിരമായി 50,000 കിലോ അരിയും മറ്റാവശ്യസാധനങ്ങളും രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു.
സംഭവസ്ഥലങ്ങള്‍ നിരീക്ഷിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് രാഹുലിന്‍റെ സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.സംസ്ഥാനത്തെ നവീകരിക്കാനായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുമെന്നും പറയുന്നു.



