റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിറകണ്ണുകളോടെ ഗുലാം നബി ആസാദിന് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി മോദി

February 10, 2021 - 7:51 pm

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് ഉള്‍പ്പെടെ സഭയില്‍നിന്നു വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പില്‍ രാജ്യസഭ സാക്ഷിയായത് അമ്പരപ്പിക്കുന്ന രംഗങ്ങള്‍ക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കുറിച്ച് പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്ന പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈകൂപ്പിയുള്ള ആസാദിന്റെ മറുപടിയുമാണ് സഭയെ വികാരനിര്‍ഭരമാക്കിയത്. ‘ആസാദ് ജി, സഭയില്‍ നിന്നു പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല’-എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ആസാദിനെക്കുറിച്ചു പറയുന്നതിനിടെ, 2007 ല്‍ ഗുജറാത്തില്‍ താനും കാശ്മീരില്‍ ആസാദും മുഖ്യമന്ത്രിമാരായിരിക്കെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു പ്രധാനമന്ത്രി വിവരിച്ചു. ആക്രമണ വിവരം ഫോണിലൂടെ പറഞ്ഞ ആസാദ് പൊട്ടിക്കരയുകയായിരുന്നുവെന്നു പറഞ്ഞപ്പോള്‍ മോദിയുടെ കണ്ണു നിറഞ്ഞു. സ്വന്തം കുടുംബത്തെക്കാള്‍ സ്‌നേഹത്തോടെയാണ് ആസാദ് ആക്രമണത്തിനിരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതെന്നു പറഞ്ഞപ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. ശബ്ദമിടറി. സഭ നിശ്ശബ്ദമായി. അദ്ദേഹത്തെ സല്യൂട്ട് ചെയ്താണ് മോദി നിര്‍ത്തിയത്.

പാക്കിസ്ഥാനിലേക്കു പോകാതിരുന്നത് ഭാഗ്യമെന്നു കരുതുന്ന ഹിന്ദുസ്ഥാനി മുസ്ലിമാണ് താന്‍ എന്ന് ആസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയത്’, വികാരഭരിതനായി ആസാദ് പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അടല്‍ജിയില്‍ നിന്നാണ് ഞാന്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15നാണ് ആസാദിന്റെ കാലാവധി കഴിയുന്നത്. നാസിര്‍ അഹ്മദ് ലാവായ്, മിര്‍ മുഹമ്മദ് ഫയാസ് (ഇരുവരും പിഡിപി), ഷംഷേര്‍ സിങ് മന്‍ഹാസ് (ബിജെപി) എന്നീ കാശ്മീരി അംഗങ്ങളുടെയും കാലാവധി പൂര്‍ത്തിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *