ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന് ലഖ്വിക്ക് പാക്കിസ്താന് കോടതി തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസിലാണ് ലഷ്കര്‍ ഇ ത്വയ്ബ മേധാവിയായ ലഖ് വിക്ക് 15 വര്‍ഷം ശിക്ഷ വിധിച്ചത്. മുംബൈ ഭീകരാക്രമണ കേസില്‍ 2015 മുതല്‍ ജാമ്യത്തിലായിരുന്ന അറുപത്തിയൊന്നുകാരനായ ലഖ്വിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. പാക് പഞ്ചാബ് പ്രവിശ്യയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.അഞ്ചുവര്‍ഷം വീതം മൂന്ന് തവണ കഠിനതടവാണ് ജഡ്ജി ഇജാസ് അഹമ്മദ് ബട്ടര്‍ വിധിച്ചത്. ഒപ്പം മൂന്നിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കാതെ വന്നാല്‍ ആറുമാസം വീതം അധിക തടവ് അനുഭവിക്കണം. വിധിപ്രസ്താവത്തിനു പിന്നാലെ ലഖ്വിയെ ജയിലിലേക്ക് അയച്ചു.
2008 നവംബറില്‍ മുംബൈയില്‍ 166 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ മുഖ്യ സൂത്രധാരനാണ് സാക്കിര്‍ റഹ്മാന് ലഖ്വി. ലാഹോറിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്വിക്ക് ഭീകരപ്രവര്‍ത്തനത്തിന് പണം നല്കിയെന്നാരോപിച്ചുളള കേസ് പരിഗണിച്ചിരുന്നത്. പാകിസ്താനിലെ നിരോധിത സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെതിരേയും ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നാരോപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന് ലഖ്വിക്ക് പാക് കോടതി തടവുശിക്ഷ വിധിച്ചു
