യാക്കോബായ സഭാനേതൃത്വുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂ ഡെല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ യാക്കോബായ വിഭാഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. യാക്കോബായ സഭയുടെ മെട്രോപോളിറ്റന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സിനഡ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലിസ്, എന്നിവരാണ് പ്രധാന മന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മിസോറാം ഗവര്‍ണ്ണര്‍പിഎസ് ശ്രീധരന്‍ പിളള, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍എന്നിവരും ഒപ്പമുണ്ടായിരുന്നു. മിസോറാം ഭവനില്‍ ഇരുവിഭാഗങ്ങള്‍ക്കും ഗവര്‍ണ്ണര്‍ വിരുന്നുനല്‍കി.

പ്രധാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സഭാനേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട സഭയെന്ന നിലയില്‍ വിഷയങ്ങള്‍ പ്രധാന മന്ത്രിയെ ധരിപ്പിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അത് കേട്ടതായും നേതൃത്വം പറഞ്ഞു. കേരള മുഖ്യമന്ത്രി കാണിച്ചതുപോലുളള തുറന്ന സമീപനമാണ് പ്രധാന മന്ത്രിയും കാണിച്ചതെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന് രേഖകള്‍ കൈമാറുകയും ചെയ്തു. 50 പളളികള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ തങ്ങളുടെ കൈവശമിരിക്കുന്ന പളളികള്‍ സംരക്ഷിക്കപ്പെടണം. പളളിപിടുത്തം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാനുളള നടപടികള്‍ വേണം .

കോടതി വിധികളിലെ നീതിനിഷേധമാണ് ഇവിടെ വിഷയം. സഭയുടെ അവകാശം വിശ്വാസം എന്നിവ എങ്ങനെ സംരക്ഷിക്കപ്പെടും എന്നതാണ് പരിഹരിക്കപ്പെടേണ്ടത്. സര്‍ക്കാരുകള്‍ക്ക് ഇടപെട്ട് നീതിപൂര്‍വ്വകമായി പരിഹരിക്കാനാവും. കേരളത്തിലെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.

സഭാ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രധാന മന്ത്രിയെ കാണാന്‍ അവസരമൊരുക്കിയതെന്നും ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിളള പറഞ്ഞു. കേരളത്തിലെ പല തീരുമാനങ്ങളിലും വിവേചനം നേരിടുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു. പ്രധാന മന്ത്രിയുടെ നിലപാടില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ സംതൃപ്തി പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. പളളിത്തര്‍ക്കവുമായി ബന്ധമില്ലാത്ത കേരളത്തിലെ ഒരു പ്രമുഖ സഭയുടെ നേതൃത്വവും പ്രധാന മന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →