തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഭരണത്തില്‍ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുളളതെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ പറഞ്ഞു.
യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പുഫലം. സര്‍ക്കാരിനെതിരെ സംഘടിതമായി നടത്തുന്ന നുണ പ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചരണങ്ങള്‍ക്ക് കഴിയില്ലെന്ന് ഈ തെരഞ്ഞടുപ്പ് ഫലം തെളിയിക്കും. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും വര്‍ഗ്ഗീയ വിഷം പടര്‍ത്താനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രളയം,ഓഖി, നിപ പോലുളള ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കോവിഡ് കാലത്തും സര്‍ക്കാര്‍ നടകത്തിയ ഇടപെടലുകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുളളതാണ് മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് കുറിപ്പ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കുപ്രചരണങ്ങള്‍ കൊണ്ട് മറച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എല്ലാവിധ മുന്‍കരുതലും എടുത്ത് വോട്ടുരേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

